Wed. Nov 6th, 2024
കൽപ്പറ്റ:

കേരള കാർഷിക സർവകലാശാല പടിഞ്ഞാറത്തറ കൃഷിഭവനുമായി സഹകരിച്ച് കുപ്പാടിത്തറയിൽ ‘നെൽകൃഷിയിൽ ഡ്രോൺ സാങ്കേതിക വിദ്യ’യുടെ പ്രദർശനം ഒരുക്കി. നെൽകൃഷിയിൽനിന്ന്‌ പരമാവധി വിളവ് ലഭ്യമാക്കുക, ഗുണമേന്മയുള്ള അരി ഉല്പ്പാദിപ്പിക്കുക, കർഷക തൊഴിലാളികളുടെ ലഭ്യതക്കുറവ് പരിഹരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ്‌ വയനാട് കൃഷി വിജ്ഞാന കേന്ദ്രവുമായി സഹകരിച്ച്‌ ഡ്രോൺ പ്രദർശനം നടത്തിയത്‌. ആദ്യഘട്ടത്തിൽ ഞാറുപറിച്ചുനട്ട് 25 ദിവസം കഴിഞ്ഞു ലിക്വിഡ് സ്യൂഡോമോണസ് 5 മില്ലി 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ സ്പ്രേ ചെയ്തു.

10 ദിവസം കഴിഞ്ഞ്‌ സമ്പൂർണ എന്ന സൂക്ഷ്മ മൂലക മിശ്രിതം 10 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ചു.പറിച്ച് നട്ട് 40–50 ദിവസം കഴിയുമ്പോൾ സ്യൂഡോമോണസ് 5 മില്ലി 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിക്കും 10 ദിവസം കഴിഞ്ഞു സമ്പൂർണ 10 ഗ്രാം 1 വെള്ളത്തിൽ എന്ന തോതിൽ തളിക്കുന്നു. കതിര് നിരക്കുമ്പോൾ പൊട്ടാസ്യം നൈട്രേറ്റ് എന്ന വളം 5 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ സ്പ്രേ ചെയ്യും.

പടിഞ്ഞാറത്തറ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എ ജോസ് ഉദ്‌ഘാടനംചെയ്‌തു. കൃഷി ഓഫീസർ ടി രേഖ അധ്യക്ഷയായി. വയനാട് കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ അലൻ തോമസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ശാസ്ത്രജ്ഞരായ ഡോ വിപി ഇന്ദുലേഖ, എം ആർ അഷിത , ഡോ സി വി ദീപാറാണി , സയന്റിഫിക് ഓഫീസർ രാജമണി എന്നിവർ പങ്കെടുത്തു. കണ്ണോത്ത് ഭാഗം പാടശേഖരം സെക്രട്ടറി ജോസ്, കർഷകരായ ശ്രീധരൻ നായർ, സുജിത്ത്, ബാബു, ശിവശങ്കരൻ എന്നിവരുടെ പാടത്താണ് മുൻനിര പ്രദർശനം നടത്തിയത്.