Fri. Apr 26th, 2024
ചെറുവത്തൂർ:

തൃക്കരിപ്പൂർ മണ്ഡലത്തിലെ വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ തൃക്കരിപ്പൂർ കടപ്പുറം- വടക്കേ വളപ്പ് പ്രദേശത്തെ യാത്രാദുരിതം പരിഹരിക്കുന്നതിനായി എം എൽ എ ഫണ്ടിൽ നിന്നും ബോട്ട് നിർമിച്ചു. എം രാജഗോപാലൻ എം എൽ എയുടെ വികസന ഫണ്ടിൽ നിന്നാണ് ബോട്ട് നിർമിച്ചത്. സംസ്ഥാനത്ത് ഇത്തരത്തിൽ ആദ്യമായാണ് എം എൽ എ ഫണ്ട് ഉപയോഗിച്ച് യാത്രാബോട്ട് നിർമിക്കുന്നത്.

എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച 15.5 ലക്ഷം രൂപ ചിലവഴിച്ചാണ് ബോട്ട് നിർമിച്ചത്. ‘ഗ്രാന്മ’ എന്ന പേരാണ് ബോട്ടിന് നല്‍കിയിരിക്കുന്നത്. 10 പേർക്ക് ഇരുന്ന് യാത്രചെയ്യാന്‍ കഴിയുന്നതും ഔട്ബോഡ് എഞ്ചിന്‍ഘടിപ്പിച്ചിട്ടുള്ളതും സ്റ്റിയറിങ് നിയന്ത്രിതവുമായതാണ് ഈ ബോട്ട്.

ഗോവയില്‍ നിന്നും ട്രയിലറില്‍ റോഡ് മാർഗ്ഗം കൊണ്ട് വരുന്ന ബോട്ട് മടക്കര മത്സ്യബന്ധന തുറമുഖത്ത് ഇറക്കി കവ്വായി കായലിലൂടെ മാടക്കാലില്‍ എത്തിക്കും. തുടർന്ന് മാരിടൈംബോഡിന്‍റെ ചീഫ് സര്‍വ്വേയർ, പോർട്ട് ഓഫിസര്‍, പോർട്ട് ഡയറക്ടറേറ്റിലെ ഉദ്യഗസ്ഥർ തുടങ്ങിയവർ ട്രയല്‍റണ്‍നടത്തി ഫിറ്റ്നസ് ഉറപ്പുവരുത്തിയതിന് ശേഷം വലിയപറമ്പ് ഗ്രാമപഞ്ചായത്തിന് ബോട്ട് കൈമാറും.ബുധനാഴ്ച വൈകുന്നേരത്തോടെ എത്തുന്ന ബോട്ട് അന്നേ ദിവസം തന്നെ കൈമാറുമെന്ന് എം എല്‍ എ അറിയിച്ചു.

പ്രദേശത്തെ യാത്രാപ്രശ്നത്തിന് പരിഹാരം കാണാൻ എം എൽ എയും, ജില്ല കലക്ടറും, ആർ ഡി ഒയും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്രദേശവാസികളും ഉൾപ്പെടെ 2018 ജൂലൈ ഏഴിന് വലിയപറമ്പ ഗ്രാമപഞ്ചായത്ത് ഹാളിൽ യോഗം ചേർന്നിരുന്നു. യോഗത്തിൽ പ്രശ്നപരിഹാരത്തിനായി കേരള ഇന്‍ലാന്‍റ് വെസ്സല്‍ റൂൾസ് മാനദണ്ഡ പ്രകാരം ഉള്ള ഒരു ഫൈബർ യാത്രാബോട്ട് വാങ്ങുന്നതിന് 10 ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്നും അനുവദിക്കാമെന്ന് എം രാജഗോപാലന്‍ എം എൽ എ അറിയിക്കുകയും ചെയ്തു. അത് ലഭ്യമാക്കുന്നതുവരെ ഗ്രാമപഞ്ചായത്ത് ആവശ്യമായ യാത്രാസൗകര്യം ഏർപ്പെടുത്തുന്നതിനും തീരുമാനിക്കുകയുണ്ടായി.

ജില്ല ഭരണകൂടം ബോട്ട് നിർമിക്കുന്നതിന് സർക്കാർ ഏജന്‍സിയായ സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡിനെ (സിൽക്) സമീപിക്കുകയും ചെയ്തു. സില്‍ക്കിന്‍റെ കൈവശമുള്ള ബോട്ടിന് ഒരു മണിക്കൂർ പ്രവർത്തിപ്പിക്കാൻ എട്ട് ലിറ്റർ ഡീസൽ ആവശ്യമാണെന്നത് പഞ്ചായത്തിനും നാട്ടുകാർക്കും സാമ്പത്തികപ്രതിസന്ധി ഉണ്ടാകുമെന്ന് എം എല്‍ എ ചൂണ്ടിക്കാണിച്ചു. തുടർന്ന് ജില്ല ഭരണകൂടം കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഷിപ്ടെക്നോളജി – നേവൽ ആർക്കിടെക്റ്റ് ഡോക്ടർ സി ബി സുധീറിനെ സമീപിച്ചു.

അദ്ദേഹത്തിന്‍റെ നിർദ്ദേശാനുസരണം അസി പ്രഫസർ ഗൗതമിന്‍റെ നേതൃത്വത്തിൽ കടവ് സന്ദർശിക്കുകയും കടവിലെ പ്രത്യേകതയും പ്രാദേശിക ആവശ്യവും മനസ്സിലാക്കി ബോട്ടിന്‍റെ ഡിസൈനും ഡി‌ പി ആറും തയ്യാറാക്കി ജില്ല കലക്ടർക്ക് നൽകുകയുമായിരുന്നു. ബോട്ട് ബുധനാഴ്ച യാത്ര ആരംഭിക്കുമെന്ന വിവരം നാട്ടുകാരിൽ വർധിച്ച സന്തോഷമാണ് ഉളവാക്കിയത്.