Mon. Dec 23rd, 2024
മലപ്പുറം:

പാഴ്‌വസ്തുക്കൾ ഉപയോഗിച്ചു കളി വീടുകൾ നിർമിക്കുന്നതിൽ പുതുമയില്ല. എന്നാൽ, കേടായ സൈക്കിളും വലിച്ചെറിഞ്ഞ കുടയും പഴയ പേപ്പറുമുൾപ്പെടെയുള്ള പാഴ് വസ്തുക്കൾ ശേഖരിച്ചു വിറ്റു 4 കുടുംബങ്ങൾക്കു വീടിന്റെ സുരക്ഷിതത്വമൊരുക്കിയാലോ? മലപ്പുറം ഈസ്റ്റ് ജില്ലാ ഹയർ സെക്കൻഡറി നാഷനൽ സർവീസ് സ്കീമിലെ (എൻഎസ്എസ്) അധ്യാപകർക്കും രക്ഷിതാക്കൾക്കും അത്തരമൊരു കഥയാണു പറയാനുള്ളത്. അതിനു വഴിയൊരുക്കിയതാകട്ടെ ഒരു മനുഷ്യസ്നേഹിയുടെ ഇടപെടലും.

മനുഷ്യത്വവും നന്മയും കഠിനാധ്വാനവും സമം ചേർത്തു നിർമിച്ച 4 വീടുകൾ തിരുവാലി പഞ്ചായത്തിലെ പഞ്ചായത്തുംപടി ചാത്തക്കാടിൽ ഒരുങ്ങിക്കഴിഞ്ഞു. വീടുകളുൾപെട്ട മേഖലയ്ക്ക് മഴവിൽ സൗഹൃദ ഗ്രാമം എന്നാണ് പേരിട്ടിരിക്കുന്നത്.അടുത്ത മാസം ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ സമ്മാനിക്കും.

നിലമ്പൂർ മേഖലയിൽ വ്യാപക നഷ്ടം സംഭവിച്ച രണ്ടാം പ്രളയ കാലത്താണു ഈ നന്മയ്ക്കു അടിത്തറയിട്ടത്. പാതാർ ഉൾപ്പെടെ പ്രളയം തകർത്തെറിഞ്ഞ മേഖലകൾ സന്ദർശിച്ചു മനസ്സലിഞ്ഞ തിരുവാലി മേലേ കോഴിപ്പറമ്പിൽ സ്വദേശി സുരേഷ് കടമ്പത്ത് ഒന്നു മനസ്സിലുറച്ചു. പ്രവാസ ജീവിതത്തിലെ അധ്വാനത്തിലൂടെ നേടിയെടുത്ത സ്വത്തിന്റെ ഒരു പങ്ക് പാവങ്ങൾക്കു വീടു നിർമിക്കാൻ നൽകണം. ഇതു സുഹൃത്ത് സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു.

ഇതേ സമയത്താണ്, ജില്ലാ കൺവീനർ സുരേഷ് ബത്തേരിയുടെ നേതൃത്വത്തിൽ മലപ്പുറം ഈസ്റ്റ് ജില്ലാ എൻഎസ്എസ് പ്രളയ ബാധിതർക്കു വീടു നിർമിച്ചു നൽകാൻ ആലോചിക്കുന്നത്. രണ്ടു ശ്രമങ്ങളും കണ്ടുമുട്ടി, അതിന്റെ ഫലമാണ് തിരുവാലിയിൽ പൂർത്തിയായ മഴവിൽ സൗഹൃദ ഗ്രാമം. വീട് നിർമാണത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ പ്രതിസന്ധിയായി കൊവിഡ് എത്തി.

അങ്ങനെയാണ്, ഈസ്റ്റ് ജില്ലയ്ക്കു കീഴിലുള്ള 87 വിദ്യാലയങ്ങളിലെ 8700 വൊളന്റിയർമാർ പാഴ്‌വസ്തുക്കൾ ശേഖരിക്കാനിറങ്ങിയത്. അവ പ്രോഗ്രാം ഓഫിസർമാരുടെ നേതൃത്വത്തിൽ വിൽപന നടത്തി. 2 കിടപ്പുമുറികളും ശുചിമുറിയും അടുക്കളയുമുള്ള വീടുകൾ ഹാബിറ്റാറ്റാണ് രൂപകൽപന ചെയ്തത്.

ആറര ലക്ഷം രൂപയാണു വീടൊന്നിന് ചെലവായി. ചെലവിന്റെ ഭൂരിഭാഗവും ലഭിച്ചതു സ്ക്രാപ് ചാലഞ്ചിലൂടെയാണ്. വിദ്യാർത്ഥികളുടെ കൂടി സഹകരണത്തോടെയാണു വീടില്ലാത്ത, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 4 കുടുംബങ്ങളെ കണ്ടെത്തിയത്.

സുരേഷ് ബത്തേരി (സെന്റ് ജമ്മാസ് ഗേൾസ് എച്ച്എസ്എസ്, മലപ്പുറം), ബി ഹിരൺ (ഐകെടിഎച്ച്എസ്എസ്, ചെറുകുളമ്പ്), ഇ ബിനേഷ് (വിഎംസി എച്ച്എസ്എസ്, വണ്ടൂർ), എ പി ദിലീഷ് (കെഎം എച്ച്എസ്എസ്, കരുളായി), പി ദിലീപ് (ജിഎച്ച്എസ്എസ്, പൂക്കോട്ടൂർ), കെ എ അയ്യപ്പൻ (ജിഎച്ച്എസ്എസ്, പുലാമന്തോൾ), ഉമ്മൻ മാത്യു (മാർത്തോമ്മാ എച്ച്എസ്എസ്, ചുങ്കത്തറ), എം സി അനീഷ് (ജിഎച്ച്എസ്എസ്, പൂക്കോട്ടൂർ), ഇ കെ റാഷിദ് ( ജിഎച്ച്എസ്എസ്, പാണ്ടിക്കാട്) എന്നിവരാണു പദ്ധതിക്കു നേതൃത്വം നൽകിയത്.