ആലുവ:
ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ 1,14,000 രൂപ പൊലീസ് ഇടപെടലിൽ എൻജിനിയറിങ് വിദ്യാർത്ഥിനിക്ക് തിരികെ കിട്ടി. ഓൺലൈൻ വ്യാപാര സൈറ്റായ ആമസോൺ വഴി ജൂണിലാണ് പറവൂർ സ്വദേശിനി ലാപ്‌ടോപ് ബുക്ക് ചെയ്തത്. അമ്മയുടെ അക്കൗണ്ടിൽനിന്ന് പണവും കൊടുത്തു. പാഴ്സലെത്തി തുറന്നുനോക്കിയപ്പോൾ കടലാസുകൾ മാത്രമാണുണ്ടായിരുന്നത്.
പാഴ്സൽ തുറക്കുന്നതിന്റെ വീഡിയോയും ഫോട്ടോകളും സഹിതം ആമസോണിൽ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് റൂറൽ എസ്‌പി കെ കാർത്തിക്കിന് പരാതി നൽകി. ആലുവ സൈബർ പൊലീസിന്റെ അന്വേഷണത്തിൽ ആമസോണിനുവേണ്ടി ലാപ്‌ടോപ് നൽകിയത് ഹരിയാനയിലെ സ്വകാര്യ കമ്പനിയാണെന്ന് കണ്ടെത്തി.
ഈ കമ്പനി കാർഷികോൽപ്പന്നങ്ങളുടെ വിൽപ്പന നടത്തുന്ന സ്ഥാപനമായിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും ആദ്യം അവർ സമ്മതിച്ചില്ല. ശാസ്ത്രീയ അന്വേഷണങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പൊലീസ് നടപടിയുമായി മുന്നോട്ടുപോയതോടെ ലാപ്ടോപ്പിന് അടച്ച തുക കമ്പനി കഴിഞ്ഞദിവസം അക്കൗണ്ടിൽ നിക്ഷേപിച്ചു.
സൈബർ എസ്എച്ച്ഒ എം ബി ലത്തീഫ്, സീനിയർ സിപിഒ പി എം തൽഹത്ത് തുടങ്ങിയവരാണ് അന്വേഷക സംഘത്തിലുള്ളത്. തുടർനടപടികളുമായി മുന്നോട്ടുപോകുമെന്ന് എസ്‌പി കെ കാർത്തിക് പറഞ്ഞു.