Wed. Apr 24th, 2024

തൃപ്പൂണിത്തുറ ∙

കോസ്റ്റ് ഗാർഡ് അസിസ്റ്റന്റ് കമൻഡാന്റ് ചമഞ്ഞു യുവാക്കളിൽ നിന്ന് 6 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത മലപ്പുറം കൈനോട് പിലാക്കൽ വീട്ടിൽ അമീർ സുഫിയാനെ (25) ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ് എന്നിവിടങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ വഴി ആളെ എടുക്കുന്നുണ്ടെന്നും നിയമനം വാങ്ങി നൽകാം എന്നും വിശ്വസിപ്പിച്ചാണ് പ്രതി ആലുവ സ്വദേശിയോടും സുഹൃത്തുക്കളോടും പലപ്പോഴായി 6 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തത് എന്ന് പൊലീസ് പറഞ്ഞു.

തട്ടിപ്പിനിരയായ യുവാക്കളെ വിശ്വസിപ്പിക്കാൻ പ്രതി യൂണിഫോം ധരിച്ചു നിൽക്കുന്ന ഫോട്ടോകളും പിസ്റ്റളിന്റെ ഫോട്ടോയും കോസ്റ്റ് ഗാർഡിന്റെ പേരിലുള്ള വ്യാജ അഡ്മിറ്റ് കാർഡും അയച്ചു നൽകി. എരൂർ ഭാഗത്തുള്ള ഹോട്ടലിൽ മുറി എടുത്താണ് തട്ടിപ്പുകൾ നടത്തിയത്.

പറഞ്ഞ സമയം കഴിഞ്ഞിട്ടും നിയമനം ലഭിക്കാത്തതിനെ തുടർന്ന് യുവാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തമ്മനം ഭാഗത്തു നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നത്. തട്ടിപ്പിനായി ഉപയോഗിച്ച യൂണിഫോം, എയർ പിസ്റ്റൾ എന്നിവ പിടിച്ചെടുത്തു.

ഇൻസ്പെക്ടർ കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ.അനില, എസ്. ശിവപ്രസാദ്, രമേശൻ, എഎസ്ഐമാരായ കെ.കെ. സജീഷ്, ജെ. സജി, എം.ജി. സന്തോഷ്, സിവിൽ പൊലീസ് ഓഫിസർ ശ്യാം ആർ. മേനോൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.