Mon. Dec 23rd, 2024

കൊച്ചി:

കൊച്ചി മെട്രോ ടിക്കറ്റ്‌ നിരക്കുകൾ ഉടൻ കുറയ്‌ക്കുമെന്ന്‌ കെഎംആർഎൽ എംഡി ലോക്‌നാഥ്‌ ബെഹ്‌റ. കൂടുതൽ യാത്രക്കാരെ ആകർഷിച്ച്‌ മെട്രോയെ ജനകീയമാക്കാനും വരുമാനം വർധിപ്പിക്കാനുമാണ്‌ നിരക്കുകൾ കുറയ്‌ക്കുന്നത്‌. മെട്രോ ഉപയോഗിക്കുന്നവരും അല്ലാത്തവരുമായ കൊച്ചി നിവാസികൾക്കിടയിൽ നടത്തിയ സർവേയിൽ ടിക്കറ്റ്‌ നിരക്ക്‌ കുറയ്‌ക്കണമെന്ന നിർദേശം ഉയർന്നതായും ലോക്‌നാഥ്‌ ബെഹ്‌റ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കെഎംആർഎൽ നടത്തിയ സർവേയിൽ പങ്കെടുത്ത 77 ശതമാനംപേരും നിലവിലെ നിരക്ക്‌ കൂടുതലാണെന്നാണ്‌ അഭിപ്രായപ്പെട്ടത്‌. ആകെ 11,191 പേർ സർവേയിൽ പങ്കെടുത്തു. അതിൽ 37 ശതമാനം പതിവായി മെട്രോ ഉപയോഗിക്കുന്നവരാണ്‌.

മെട്രോ നിരക്ക്‌ കുറയ്‌ക്കണമെന്ന ആവശ്യമാണ്‌ കൂടുതൽപേർ ഉന്നയിച്ചത്‌. രാജ്യത്തെ മെട്രോകളിൽ ഏറ്റവും കുറഞ്ഞ നിരക്കുള്ളത്‌ ജയ്‌പുർ മെട്രോയിലാണെന്ന്‌ ബെഹ്‌റ പറഞ്ഞു. കുറഞ്ഞ നിരക്ക്‌ ആറു രൂപയും കൂടിയത്‌ 20 രൂപയുമാണ്‌.

എന്നിട്ടും ഉയർന്ന ജനസാന്ദ്രതയുള്ള നഗരങ്ങളിലേത്‌ ഉൾപ്പെടെ എല്ലാ മെട്രോകളും  നഷ്‌ടത്തിലാണ്‌ ഓടുന്നത്‌. കൊച്ചി മെട്രോയിലെ ടിക്കറ്റ്‌ നിരക്കുകൾ കുറയ്‌ക്കുന്ന തീരുമാനം ഉടൻ ഉണ്ടാകുമെന്നും അതിനുള്ള നടപടി വേഗത്തിൽ പൂർത്തിയാകുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കുറഞ്ഞ നിരക്ക്‌ 10 രൂപയും കൂടിയത്‌ 60 രൂപയുമാണ്‌.

മെട്രോയിലെ സൗകര്യങ്ങളെക്കുറിച്ച്‌ അറിയില്ലെന്നും കൂടുതൽ ബോധവൽക്കരണ പരിപാടികൾ വേണമെന്നും സർവേയിൽ അഭിപ്രായമുയർന്നു. ശാരീരിക അവശതയുള്ളവർക്കും പ്രത്യേക ഗ്രൂപ്പുകൾക്കും ഇളവുകൾ, എല്ലാ ദിവസ-ആഴ്‌ച പാസുകൾ, യാത്രക്കാർ കുറവുള്ള സമയങ്ങളിൽ കൂടുതൽപേരെ ആകർഷിക്കാനുള്ള സ്‌കീമുകൾ എന്നിവയും വേണമെന്ന നിർദേശമുണ്ടായി.

ഇതിനുപുറമെ മെട്രോയിലെ ഉന്നതോദ്യോഗസ്ഥരിൽനിന്നും ജീവനക്കാരിൽനിന്നും അഭിപ്രായങ്ങൾ തേടിയിരുന്നു. ആഘോഷ അവസരങ്ങളിലുംമറ്റും ഇളവുകൾ അനുവദിക്കുക, വിദ്യാർത്ഥികൾ- കോർപറേറ്റുകൾ തുടങ്ങിയ വിഭാഗങ്ങൾക്ക്‌ ഇളവുകൾ നൽകുക, വലിയ ഗ്രൂപ്പുകൾക്ക്‌ ഇളവ്‌ അനുവദിക്കുക, കൂടുതൽ യാത്ര ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി നടപ്പാക്കുക തുടങ്ങിയ നിർദേശങ്ങൾ അവർ മുന്നോട്ടുവച്ചു.

യാത്രക്കാർക്കുള്ള അറിയിപ്പുകൾ വിവിധ ഭാഷകളിൽ ഉൾപ്പെടെ നൽകി കൂടുതൽ മെച്ചപ്പെടുത്തുക, പാർക്കിങ് നിരക്ക്‌ കുറയ്‌ക്കുക, ട്രെയിനുകളുടെയും പാർക്കിങ് സൗകര്യങ്ങളുടെയും ലഭ്യത ഡിജിറ്റലായി അറിയിക്കുക, വൺ ടിക്കറ്റ്‌ സംവിധാനം കാര്യക്ഷമമാക്കുക തുടങ്ങിയ നിർദേശങ്ങളും കെഎംആർഎൽ പരിഗണിക്കുന്നു.

മെട്രോ സ്‌റ്റേഷനുകളിലെ 47,000 ചതുരശ്രയടി സ്ഥലം വാണിജ്യാവശ്യത്തിന്‌ ലേലത്തിൽ നൽകൽ ഒക്‌ടോബർ പത്തിനകം പൂർത്തിയാകും. പ്രത്യേകം രൂപകൽപ്പന ചെയ്‌ത കിയോസ്‌കുകളാണ്‌ നൽകുന്നത്‌. ഓരോ സ്‌റ്റേഷനിലും പ്രത്യേക തീമിലായിരിക്കും കിയോസ്‌കുകൾ.

മെട്രോ രണ്ടാംഘട്ടത്തിന്റെ അനുബന്ധജോലികൾ നവംബറോടെ പൂർത്തിയാകും. ജലമെട്രോ ഡിസംബർ 21ന്‌ പ്രവർത്തനം ആരംഭിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്നും ബെഹ്‌റ പറഞ്ഞു.