Sun. Dec 22nd, 2024
കോട്ടയം:

ജോലി കെഎസ്ആർടിസി ബസ് ഡ്രൈവർ; ഡ്യൂട്ടി ശുചിമുറിയുടെ കാവലും പണം പിരിക്കലും! കോട്ടയം ഡിപ്പോയിലാണ് സംഭവം. ബസ് സ്റ്റാൻഡിലെ ശുചിമുറിയുടെ നടത്തിപ്പ് കെഎസ്ആർടിസി നേരിട്ടാണ് നടത്തുന്നത്. 4 ഡ്രൈവർമാർക്കു ശുചിമുറിയിൽ ഡ്യൂട്ടി നൽകിയെന്നും ഇവർ ഡ്രൈവറുടെ യൂണിഫോമിൽ തന്നെ ശുചിമുറിയിൽ ജോലി ചെയ്തുവെന്നും പരാതി.

അതേസമയം ശാരീരിക അസ്വസ്ഥതകൾ മൂലം ഡ്രൈവർ ജോലി ചെയ്യാൻ കഴിയാത്തവരെ ‘അദർ ഡ്യൂട്ടി’ക്ക് പരിഗണിച്ചതാണെന്ന് കെഎസ്ആർടിസി അധികൃതർ വിശദീകരിക്കുന്നു. റജിസ്റ്ററിൽ ഗാർഡ് ഡ്യൂട്ടിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിഎസ്‌സി വഴി വർഷങ്ങൾക്കു മുൻപു സ്ഥിരം നിയമനം നേടിയവരാണ് ഇവർ. മറ്റു ഡിപ്പോയിൽ നിന്നു വന്ന് ഇതുവഴി കടന്നു പോയ ബസുകളിലെ ജീവനക്കാരാണ് വിവരം പുറത്തു വിട്ടത്.

ഡ്രൈവർമാർ ശുചിമുറിയിൽ ജോലി ചെയ്യുന്നതിന്റെ ഫോട്ടോ ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പുകളിൽ വന്നു. അതോടെ തൊഴിലാളി യൂണിയനുകൾ പ്രതിഷേധിച്ചു. തുടർന്ന് തീരുമാനം താൽക്കാലികമായി മരവിപ്പിച്ചു. പകരം സ്റ്റാൻഡിലെ വനിതാ ശുചീകരണ തൊഴിലാളികൾക്കു ചുമതല നൽകി.

രാത്രിയിൽ ഒരു പുരുഷ ശുചീകരണ തൊഴിലാളിയെയും ദിവസ വേതനത്തിനു നിയമിച്ചു. ബസ് സ്റ്റാൻഡിൽ നവീകരണ ജോലികൾ നടക്കുന്നതിനാൽ ശുചിമുറിയുടെ കരാർ പുതുക്കിയിട്ടില്ല.

ഡിപ്പോയുടെയും ശുചിമുറിയുടെയും കെട്ടിടം പുതുക്കിയ ശേഷമേ പുതിയ കരാർ നൽകുകയുള്ളൂ എന്ന് അധികൃതർ പറഞ്ഞു. തുടർന്നാണ് ഗാർഡ് ഡ്യൂട്ടിയിലുള്ളവർക്ക് ശുചിമുറിയുടെ അധിക ചുമതല നൽകിയത്.

കോവിഡ് കാരണം വെട്ടിക്കുറച്ച പല സർവീസുകളും പുനരാരംഭിച്ചിട്ടില്ല. ഇതുമൂലം ഡിപ്പോയിലെ മുഴുവൻ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ജോലിയില്ല. ഇവരെയാണ് ‘അദർ ഡ്യൂട്ടി’യിൽ ഉൾപ്പെടുത്തി ഗാർഡ് ഡ്യൂട്ടിക്ക് നിയമിക്കുന്നതെന്നും അധികൃതർ പറഞ്ഞു.