Wed. Jan 22nd, 2025

മാവേലിക്കര ∙

ആൾ ഇല്ലാതിരുന്ന സമയത്തു വീട്ടിൽ മോഷണം, ഒൻപതര പവൻ സ്വർണം അപഹരിക്കപ്പെട്ടു. കൊറ്റാർകാവ് അരപ്പുരയിൽ ബി ശശികുമാറിന്റെ വീട്ടിലാണു കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. വീടിന്റെ മുൻവശത്തെ ഗ്രിൽ തുറന്നു കിടക്കുന്നതു കണ്ട്, വീടിനു സമീപത്തു താമസിക്കുന്ന സഹോദരൻ ബി രഞ്ജിത് കുമാർ ആണു പൊലീസിൽ വിവരമറിയിച്ചത്.

വീടിന്റെ മുൻവശത്തെ ഗ്രില്ലിന്റെ താഴ് തുറന്ന് അകത്തു കടന്ന മോഷ്ടാക്കൾ മുൻവശത്തെ വാതിലിന്റെ പകുതി തകർത്തു. മുറിക്കുള്ളിലെ  അലമാരകൾ  കുത്തിത്തുറന്നു സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ്. അടുക്കള വശത്തെ കതകും ഗ്രില്ലും തുറന്നു കിടക്കുകയാണ്.

വീടിന്റെ മുൻവശത്തെ ഓട്ടമാറ്റിക് വിളക്കിന്റെ വയറിങ്ങും  മോഷ്ടാക്കൾ തകർത്തു. ശശികുമാർ, ഭാര്യ അംബിക, മകൾ ദീപ, മരുമകൻ ശങ്കർ എന്നിവർ കഴിഞ്ഞ 28നു ഗോവയിൽ പോയതാണ്. വീട്ടിൽ ആളില്ലെന്നു മനസിലാക്കിയാണു മോഷണം നടത്തിയതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും ശ്വാന സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.