Sat. Apr 20th, 2024
മലപ്പുറം:

അന്ന് പത്രത്താളുകളിലൂടെ മനസ്സിൽ കണ്ട കളി, പിന്നെ മിനി സ്ക്രീനിലൂടെ ആവേശം പകർന്ന കളി, ഇന്നിതാ കയ്യകലത്തെ മൈതാനത്ത് നടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ ലോകകപ്പ് എന്നു തന്നെ അറിയപ്പെടുന്ന സന്തോഷ് ട്രോഫി മത്സരങ്ങൾ പയ്യനാട്ടെ സ്റ്റേഡിയത്തിലെത്തുമ്പോൾ തലമുറകളായുള്ള ജില്ലയുടെ ഫുട്ബോൾ പ്രേമികൾ കാത്തുവച്ച സ്വപ്നമാണ് പൂവണിയുന്നത്.സന്തോഷ് ട്രോഫിയിലേക്ക് കേരളത്തിനു മാത്രമല്ല മറ്റു ടീമുകൾക്കടക്കം ഒട്ടേറെ കളിക്കാരെയും നായകരെയും സംഭാവന ചെയ്ത ജില്ലയാണ് മലപ്പുറം.

അവരുടെയൊക്കെ സ്വപ്നങ്ങളിലൊന്ന് സ്വന്തം നാട്ടിലെ കാണികൾക്കു മുന്നിൽ കളിക്കുകയെന്നതായിരുന്നു. ഇന്നുവരെ കൈവരിക്കാനാകാത്ത ആ നേട്ടം ഒടുവിൽ നാട്ടിലെത്തുമ്പോൾ അന്നത്തെ താരങ്ങളും ഏറെ ആവേശത്തിലാണ്.ലോകകപ്പിൽ കളിക്കുന്ന 32 രാജ്യങ്ങളുടെയും പതാകകൾ പാറുന്ന കവലകളിൽ ഇനി സന്തോഷ് ട്രോഫി താരങ്ങളുടെ ചിത്രങ്ങളുയരും.

കൊവിഡ് കാലത്ത് 2 സീസൺ സെവൻസ് ടൂർണമെന്റുകൾ മുടങ്ങിയ ജില്ലയിലേക്ക് സന്തോഷ് ട്രോഫിയുടെ വരവ് കാലം കാത്തുവച്ച നിധി പോലെയാണ്. ഒന്നൊന്നര ആവേശ വരവാണെങ്കിലും കൊവിഡ് ജാഗ്രതയിൽ കുടുങ്ങി കാണികൾക്ക് വിലക്കുണ്ടാകാതിരിക്കണേയെന്ന പ്രാർഥനയിലാണ് ജില്ലയിലെ കളിപ്രേമികൾ.പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ദേശീയ മത്സരത്തിന്റെ പന്തുരുളുമ്പോൾ കാണികളുടെ സിരകളിൽ 2014ൽ ഗാലറി‍ കുലുക്കിയ ഗോളാരവത്തിന്റെ ഓർമകൾ.

ഫെഡറേഷൻ കപ്പിന്റെ ചരിത്രത്തിൽ ഇത്രയധികം കാണികൾ എത്തി ടൂർണമെന്റ് വിജയിപ്പിച്ചത് മഞ്ചേരിയിൽ മാത്രമാണെന്ന് സംഘാടകർ വിധിയെഴുതിയത് ചരിത്രം. തൊട്ടടുത്ത വർഷം നടന്ന സന്തോഷ് ട്രോഫി സോണൽ മത്സരത്തിനും സ്റ്റേഡിയം നിറഞ്ഞു.കാണികളുടെ ബാഹുല്യവും സംഘാടക മികവും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സ്റ്റേഡിയങ്ങൾക്ക് ഒപ്പമെത്താൻ മഞ്ചേരിക്കു തുണയായി.

സ്ത്രീകളും കുട്ടികളും കളി കാണാൻ സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തി. സമീപ മൈതാനങ്ങൾ കളിക്കാരുടെ പരിശീലനത്തിനു തുറന്നിട്ടു. റോഡുകൾ മുഖം മിനുക്കി. നഗരവീഥികൾ പ്രകാശ പൂരിതമായി. ജനപ്രതിനിധികളും നാട്ടുകാരും ഫുട്ബോൾ ക്ലബ്ബുകളും രംഗത്തിറങ്ങി ടൂർണമെന്റ് ഏറ്റെടുത്തത് എല്ലാവരും കണ്ടതാണ്.