Fri. Mar 29th, 2024

ചാവക്കാട്:

പ്രാദേശികവാദത്തിന്റെ പേരിൽ ചേറ്റുവാ ഹർബറിൽ  മീൻപിടിത്ത വള്ളങ്ങളെ ഒരുവിഭാ​ഗം വള്ളക്കാർ ഉപരോധിച്ചു . 20 മണിക്കൂറിലധികം മറ്റു വള്ളങ്ങളെ കയറ്റാൻ അനുവദിക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി. എൻ കെ അക്‌ബർ എംഎൽഎ നിർദേശിച്ചതിനെത്തുടർന്ന് ഫിഷറീസ് ഡിഡിയും തഹസിൽ​ദാറും പഞ്ചായത്ത് പ്രസിഡന്റും നടത്തിയ ചർച്ചയിലും തീരുമാനമായില്ല.

പ്രാദേശികവാദത്തിന്റെ പേരിൽ തിങ്കൾ പുലർച്ചെ ഒന്നോടെ ആരംഭിച്ച ഉപരോധം രാത്രിയിലും പിൻവലിച്ചില്ല. കോവിഡ് കാലത്ത് മറ്റു പ്രദേശങ്ങളിൽനിന്ന്‌ വള്ളങ്ങൾ വരുന്നത് നിയന്ത്രിച്ചിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ സംസ്ഥാനത്തെ വിവിധ മേഖലകളിലെ ബോട്ടുകൾ മീൻപിടിക്കാനായി ഇവിടെ വരുന്നത് അം​ഗീകരിക്കാനാവില്ലെന്നാരോപിച്ച് വലപ്പാട് കൊടിയംപുഴ ദേവസ്വം വള്ളങ്ങളാണ്  മനുഷ്യത്വരഹിതമായ നടപടി ആരംഭിച്ചത്.

മീൻ ലഭ്യമാകുന്ന ദിവസങ്ങളിൽ സൗകര്യമനുസരിച്ച് ചേറ്റുവയിലും പരിസരത്തെ പൊന്നാനിയടക്കമുള്ള ഹാർബറുകളിലും വള്ളങ്ങൾ അടുപ്പിച്ച് മീൻപിടിക്കുന്ന രീതി കാലങ്ങളായുള്ളതാണ്. എന്നാൽ ഈ സൗകര്യം ഇനി അനുവദിക്കാനാകില്ലെന്ന് പറഞ്ഞ് കൊടിയംപുഴ ദേവസ്വം ഉടമസ്ഥതയിലുള്ള 27 വള്ളങ്ങൾ ചുറ്റും കെട്ടിയിട്ട് ഹാർബറിൽ ആർക്കും കടലിൽ പോകാനോ നേരത്തേ പോയവർക്ക് തിരികെ അടുപ്പിക്കാനോ കഴിയാത്ത അവസ്ഥ ഉണ്ടാക്കുകയായിരുന്നു.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി മാജ ജോസ്, ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സുശീല സോമൻ, ചാവക്കാട് തഹസിൽദാർ എം സന്ദീപ്, മത്സ്യത്തൊഴിലാളി ഫെഡ. ജില്ലാ സെക്രട്ടറി പി എ രാമദാസ്, മത്സ്യത്തൊഴിലാളി കോൺ​ഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി യു കെ പീതാംബരൻ എന്നിവർ ചർച്ച നടത്തിയെങ്കിലും ബോട്ടുകൾ അഴിച്ചുമാറ്റാൻ സമരക്കാർ തയ്യാറായില്ല. കലക്ടറുടെ നേതൃത്വത്തിൽ രാത്രി വൈകിയും ചർച്ച തുടർന്നു.