Mon. Dec 23rd, 2024
നെടുങ്കണ്ടം:

കോടികൾ ചെലവഴിച്ചു നിർമിക്കുന്ന ആമപ്പാറ സൗരോർജ പവർ പ്ലാന്റിൽ കുറ്റിക്കാടുകൾ. ഉപകരണങ്ങളും സോളർ പാനലും പ്രദേശത്തു നശിപ്പിക്കപ്പെട്ട നിലയിൽ. സോളർ പാനൽ നശിപ്പിക്കപ്പെട്ട സംഭവത്തിൽ സർക്കാരിനു കോടികൾ നഷ്ടം. സ്ഥലത്തു പരിശോധനയ്ക്കു വരുന്ന ഉദ്യോഗസ്ഥ സംഘം പ്രദേശത്തു വിനോദസഞ്ചാരത്തിന് എത്തുകയാണെന്നും ആരോപണം.

എം എം മണി വൈദ്യുതി മന്ത്രി ആയിരിക്കെ പ്രത്യേക താൽപര്യമെടുത്താണു രാമക്കൽമേട്ടിൽ സോളർ പവർ പ്ലാന്റ് സ്ഥാപിക്കാൻ നടപടി ആരംഭിച്ചത്. കഴിഞ്ഞ വർഷം സൗരോർജ പവർ പ്ലാന്റിൽ സോളർ പാനലുകൾ തകർത്ത സംഭവത്തിൽ അന്നു മന്ത്രിയായിരുന്ന എം എം മണി അനെർട്ട് ഉദ്യോഗസ്ഥരിൽ നിന്നു റിപ്പോർട്ട് തേടിയിരുന്നു. 2020 ഏപ്രിലിനു മുൻപ് പദ്ധതി കമ്മിഷൻ ചെയ്യണമെന്നും മന്ത്രിയായിരുന്ന എം എം മണി നിർദേശിച്ചിരുന്നു.

2020 ഏപ്രിലിൽ പദ്ധതി പൂർത്തിയാക്കുമെന്ന് അനെർട്ട് ഡയറക്ടർ മന്ത്രിക്ക് ഉറപ്പു നൽകുകയും ചെയ്തു. ആമപ്പാറയിലെ സോളർ പവർ പ്ലാന്റിൽ അറുപതിലേറെ സോളർ പാനലുകൾ നശിപ്പിക്കപ്പെട്ട നിലയിൽ പല സ്ഥലത്തായി കൂട്ടിയിട്ടിരിക്കുകയാണ്. കോടികൾ മുടക്കി നിർമാണം പൂർത്തിയാക്കിയ സൗരോർജ പാനലുകളാണ് സാമൂഹികവിരുദ്ധർ തകർത്തത്.