Wed. Jan 22nd, 2025
കൊടുമൺ:

പഞ്ചായത്തിലെ പാടശേഖരങ്ങളിൽ പുത്തൻ നെൽക്കൃഷി രീതിയിലേക്ക് ചുവടുവച്ച് കൃഷി ഭവൻ. ഇത്തവണ കൊടുമൺ റൈസ് പദ്ധതിക്കായി മനുരത്ന എന്ന പുതിയ ഇനം വിത്താണ് വിതച്ചത്. 90 ദിവസം കൊണ്ട് പാകമാകുന്ന ഈ വിത്ത് 10 ഏക്കർ സ്ഥലത്താണ് ഇത്തവണ ഉപയോഗപ്പെടുത്തുന്നത്.

പഞ്ചായത്തിലെ മുഴുവൻ പാടശേഖരങ്ങളും 2 പ്രാവശ്യം കൃഷി ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തുക എന്നതാണ് പുതിയ പരീക്ഷണം. സാധാരണ വിരിപ്പ്, മുണ്ടകൻ, പുഞ്ച തുടങ്ങിയ കൃഷി രീതികളാണ് അവലംബിക്കുന്നത്.

കാലം തെറ്റിയുള്ള മഴമൂലം തോടുകളിൽ ജലസമൃദ്ധി ഇല്ലാത്തതു മൂലം ഒറ്റത്തവണ കൃഷി രീതികൾ മാത്രമേ നടത്താൻ സാധിക്കുന്നുള്ളൂ. ഇതിൽ നിന്ന് വ്യത്യസ്തമായ പരീക്ഷണമാണ് ഇത്തവണ ഒരുക്കുന്നത്. ഈ സീസണിൽ തന്നെ 10 ഏക്കർ സ്ഥലത്ത് വിരിപ്പ് കൃഷി പരീക്ഷണം നടത്തും. തെള്ളിയൂർ കെവികെയുടെ സഹായത്തോടെയാണ് കാർഷിക സർവകലാശാലയിൽ നിന്ന് മനുരത്ന എന്ന ഇനം വിത്ത് വാങ്ങിയത്.

ഈ പരീക്ഷണം വിജയിച്ചാൽ പഞ്ചായത്തിലെ മുഴുവൻ സ്ഥലങ്ങളിലും 2 പ്രാവശ്യം കൃഷി ചെയ്യാൻ കഴിയും. തരിശു പാടശേഖരങ്ങൾ ഉൾപ്പെടെ ഇത്തവണ 150 ഹെക്ടർ സ്ഥലത്താണ് നെല്ല് കൃഷി ചെയ്യുന്നത്.മനുരത്ന കൂടാതെ ഉമ, ജ്യോതി, രക്തശാലി തുടങ്ങിയ വിത്തുകളും പാടശേഖരങ്ങളിൽ പരീക്ഷിക്കുന്നു.

പഞ്ചായത്തിലെ അരി സംരംഭമായ കൊടുമൺ അരിക്കു പ്രിയം ഏറിയതോടെ കൂടുതൽ ഉൽപാദനം ലക്ഷ്യമിട്ടാണ് 2 പ്രാവശ്യം കൃഷി എന്ന പുതിയ ആശയവുമായി കൃഷിഭവനും പഞ്ചായത്തും ഫാർമേഴ്സ് സൊസൈറ്റിയും രംഗത്ത് വന്നത്.

കൂടുതൽ ഉൽപാദനം ഉണ്ടാകുന്നതോടെ കർഷകർക്കും പ്രയോജനപ്രദമാകും. പഞ്ചായത്ത് കേന്ദ്രമാക്കി അരി മില്ല് കൂടി യാഥാർഥ്യമാകുന്നതോടെ കൂടുതൽ ചെലവ് ഇല്ലാതെ ഗുണമേന്മയുള്ള അരി ലഭ്യമാക്കാൻ സാധിക്കും. പഞ്ചായത്തിലെ ഇക്കോ ഷോപ്പ് വഴി കൂടാതെ പൊതുവിപണി വഴിയും കൊടുമൺ റൈസ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

TAGS: