Thu. May 2nd, 2024
അടുർ:

അടൂർ മണ്ഡലത്തിൽ 2024ഓടെ സമ്പൂർണ ഗാർഹിക കുടിവെള്ള കണക്ഷൻ നൽകാനായി ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറിന്റെ സാന്നിധ്യത്തിൽ മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ജലഅതോറിറ്റി പ്രോജക്ട് മെയിന്റനൻസ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നു.

നിലവിലെ കുടിവെള്ള പദ്ധതിയുടെ കാലപ്പഴക്കം കാരണം ശുദ്ധജലക്ഷാമം നേരിടുന്ന പഞ്ചായത്തുകളിൽ പുതിയ ജലശുദ്ധീരണശാലകൾ, ഉന്നതജലസംഭരണികൾ, റോ വാട്ടർ/ ക്ലിയർ വാട്ടർ പമ്പിങ്ങ് ചെയിൻ വിതരണശൃംഖല അടക്കം ഗാർഹിക കണക്ഷൻ നൽകാൻ ജില്ലാതലത്തിൽ അംഗീകാരം ലഭിക്കുകയും സംസ്ഥാന അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പന്തളം തെക്കേക്കര, തുമ്പമൺ, വള്ളിക്കോട് കൊടുമൺ, ഏറത്ത് ,കടമ്പനാട് പള്ളിക്കൽ പഞ്ചായത്തുകളിലെ 25094 ഗാർഹിക കണക്ഷനായി 154.95 കോടി രൂപയുടെ അംഗീകാരവും 17440 പുതിയ ഗാർഹിക കണക്ഷൻ നൽകാൻ 14 കോടി രൂപയുടെ ജില്ലാതല അംഗീകാരവും വാങ്ങിയിട്ടുണ്ട്.

യോഗത്തിൽ പദ്ധതിക്കാവശ്യമായ ജലസംഭരണികളുടെ സ്ഥലം ഏറ്റെടുക്കൽ പഞ്ചായത്തുകൾ ഉടൻ നടത്തണമെന്നും പദ്ധതി കാലതാമസം കൂടാതെ ടെൻഡർ ചെയ്ത് പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തീകരിക്കണമെന്നും ചിറ്റയം ഗോപകുമാർ നിർദേശിച്ചു. പഴയ പൈപ്പ് ലൈനുകൾക്ക് പകരമായി പ്രധാന റോഡിന്റെ ഇരുവശവും പ്രത്യേക വിതരണശൃംഖല സ്ഥാപിച്ച് എല്ലാവർക്കും കുടിവെള്ളം എത്തിക്കുന്നതിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഏകോപനവും പിന്തുണയും അഭ്യർഥിച്ചു.

ജലജീവൻ പദ്ധതിയുടെ നടത്തിപ്പിന് ഓരോ പഞ്ചായത്തിലും പ്രത്യേകമായി യോഗം വിളിച്ച് ജനപ്രതിനിധികളുടെ സഹകരണം ഉറപ്പാക്കണമെന്ന് യോഗം തീരുമാനിച്ചു.