Mon. Dec 23rd, 2024

തൃശൂർ:

നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയെടുത്ത കേസിൽ മഹിള പ്രധാൻ ഏജന്‍റ്​ അറസ്റ്റിൽ. പെരിഞ്ഞനം ആറാട്ട് കടവ് സ്വദേശി വടക്കൂട്ട് വീട്ടിൽ ലത സാജനെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്.

ദേശീയ സമ്പാദ്യ പദ്ധതിയുടെ കൂളിമുട്ടം പോസ്റ്റ് ഓഫിസ് ഏജന്‍റായി പ്രവർത്തിച്ചിരുന്ന ലത, നിക്ഷേപകർ നൽകിയിരുന്ന പണം പോസ്റ്റ് ഓഫിസിൽ അടക്കാതെ തട്ടി എടുക്കുകയായിരുന്നു. രണ്ട് വർഷം മുമ്പ് മതിലകം ബ്ലോക്ക് പഞ്ചായത്ത് ഡെവലപ്പ്മെന്‍റ്​ ഓഫിസർ വിനീത സോമനാണ് ഇവർക്കെതിരെ മതിലകം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

വിവിധ നിക്ഷേപകരിൽനിന്നും ഒമ്പതര ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. 2003 മുതൽ മഹിള പ്രധാൻ ഏജന്‍റായി പ്രവർത്തിച്ച്​ വരികയാണ് ലത സാജൻ. മതിലകം എസ്.ഐ വി.വി. വിമലും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ്​ ചെയ്തു.