പാലക്കാട്:
അട്ടപ്പാടിയില്‍ എച്ച് .ആര്‍.ഡി.എസ്, മരുന്ന് വിതരണം നടത്തിയത് അനുമതി ഇല്ലാതെയാണെന്ന് ജില്ലാകലക്ടര്‍. ആദിവാസി ഊരുകളില്‍ അനധികൃതമായാണ് മരുന്ന് വിതരണം നടത്തിയതെന്ന് ഒറ്റപ്പാലം സബ്കലക്ടര്‍ ഉള്‍പെടെ മൂന്ന് വകുപ്പുകള്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടരന്വേഷണം പൊലീസും, ഹോമിയോ വകുപ്പും നടത്തുമെന്ന് ജില്ലകലക്ടര്‍ അറിയിച്ചു.
ഹോമിയോ വകുപ്പിന്‍റെ അനുമതി ഇല്ലാതെയാണ് ആദിവാസി ഊരുകളിലടക്കം മരുന്ന് വിതരണം നടത്തിയതെന്ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. അട്ടപ്പാടി നോഡല്‍ ഓഫീസര്‍ കൂടിയായ ഒറ്റപ്പാലം സബ്കലക്ടര്‍,ഐ.റ്റി.ടി.പി പ്രോജക്റ്റ് ഓഫീസര്‍ എന്നിവരുടെ അനുമതി വാങ്ങാതെ ആദിവാസി ഊരുകളില്‍ പ്രവേശിക്കരുതെന്ന് ഉത്തരവ് ലംഘിച്ചാണ് നിരവധി പേര്‍ ഊരുകളിലെത്തി മരുന്ന് വിതരണം നടത്തിയതെന്ന് സബ്കലക്ടറും,ഐ.റ്റി.ഡി.പി പ്രോജക്റ്റ് ഓഫീസറും ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
എന്ത് മരുന്നാണ് വിതരണം ചെയ്തത്, എത്രപേര്‍ക്ക് മരുന്ന് നല്‍കി, ഏത് ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് മരുന്ന് നല്‍കിയത് തുടങ്ങിയ കാര്യങ്ങള്‍ ഹോമിയോ വകുപ്പ് അന്വേഷിക്കും. അനധികൃതമായി ആദിവാസി ഊരില്‍ പ്രവേശിച്ച സംഭവം പൊലീസ് അന്വേഷിക്കുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.