Sun. Dec 22nd, 2024
അതിഥി തൊഴിലാളികളിലേക്ക് വാക്സിനേഷൻ എത്തപ്പെടുന്നുണ്ടോ? (c) woke malayalam

 

എറണാകുളം: തൊഴിലിനായി കേരളത്തെ ആശ്രയിക്കുന്ന അന്യ സംസ്ഥാനക്കാരോടുള്ള സമീപനത്തിൽ കേരളത്തിൽ കാലാകാലങ്ങളായി വലിയ മാറ്റങ്ങൾ നമ്മൾക്ക് കാണാൻ കഴിയുന്നുണ്ട്. തുടക്കത്തിൽ കടന്നുകയറ്റക്കാരെന്ന വിധത്തിലുള്ള സമീപനങ്ങളിൽ നിന്ന് പതിയെ ദൈനംദിന കാര്യങ്ങൾക്കെല്ലാം നമുക്ക് ആശ്രയിക്കാൻ സാധിക്കുന്നവർ എന്ന സാഹചര്യങ്ങളിലേക്കാണ് ഇന്ന് എത്തി നിൽക്കുന്നത്. 

കോവിഡ് മഹാമാരിയുടെ വരവിനു ശേഷം നിശ്ചലമായ വ്യവസായ വാണിജ്യ മേഖലകളുടെ പുനരുജ്ജീവനത്തിനു അവരുടെ പങ്ക് ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നുതന്നെയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ കോവിഡ് ആദ്യ തരംഗ കാലയളവിൽ വലിയ പ്രതിസന്ധി നേരിട്ട ഒന്നായിരുന്നു അന്യ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം. ചില സ്ഥലങ്ങളിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ ഒഴിച്ചാൽ ആ കാലയളവിൽ കേരളത്തിൽ വളരെ സജീവമായ പ്രവർത്തനങ്ങളിലൂടെ അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്നു എന്ന്  പറയേണ്ടതുണ്ട്. അത് കേവലം സർക്കാരിന്റെ മാത്രം ഇടപെടൽ എന്ന്  കരുതുന്നതിനപ്പുറം വിവിധ മേഖലകൾ അവർക്കായി ശബ്ദമുയർത്തിയിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. 

പെരുമ്പാവൂർ രായമംഗലം പഞ്ചായത്തിൽ നടത്തിയ വാക്‌സിനേഷൻ യജ്ഞത്തിൽനിന്ന് Perumbavoor Ernakulam
പെരുമ്പാവൂർ രായമംഗലം പഞ്ചായത്തിൽ നടത്തിയ വാക്‌സിനേഷൻ യജ്ഞത്തിൽനിന്ന് Perumbavoor Ernakulam

തൊഴിലാളികൾ എന്ന നിലയിൽ, അതിഥി തൊഴിലാളികൾ കേരളത്തിലെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവരായതിനാൽ അവരുടെ സുരക്ഷ എന്ന് പറയുന്നത് വളരെ പ്രാധാന്യമുള്ളതായതിനാൽ കോവിഡ് വാക്‌സിനുകളുടെ വിതരണം ആരംഭിച്ചപ്പോഴും കേരളം ഈ കരുതൽ തുടർന്നു. 2021 മെയ് 1 മുതലാണ് കേരളത്തിലെ അതിഥി തൊഴിലാളികളേയും സംസ്ഥാന സർക്കാർ സൗജന്യ വാക്‌സിനേഷന് പരിഗണിക്കുവാനായുള്ള തീരുമാനം പുറപ്പെടുവിച്ചത്

ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സംസ്ഥാന ലേബർ കമ്മിഷണറായ ഡോ എസ് ചിത്ര എല്ലാ ജില്ലാ ലേബർ ഓഫീസർമാരേയും അതിലേക്കായി  നിയോഗിച്ചു. പദ്ധതി തുടങ്ങിയെങ്കിലും വാക്‌സിൻ ലഭ്യതക്കുറവും അതിഥി തൊഴിലാളികളുടെ പരിഷ്കരിച്ച കണക്കുകളുടെ അഭാവവും തുടക്കത്തിൽ പദ്ധതിയെ വേഗത്തിലേക്ക് നയിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും സെപ്തംബർ ആദ്യ വാരത്തോടുകൂടി വലിയൊരു വിഭാഗം അതിഥി തൊഴിലാളികൾക്ക് സംസ്ഥാനത്ത് വാക്‌സിൻ നൽകിക്കഴിഞ്ഞിരിക്കുകയാണ്. എറണാകുളം ജില്ലയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾക്ക് വാക്‌സിൻ നൽകിയ ജില്ല. 55 ശതമാനത്തോളം അതിഥി തൊഴിലാളികൾക്കാണ് ജില്ലയിൽ ഇതുവരെ ആദ്യഡോസ് വാക്‌സിൻ നൽകിയിരിക്കുന്നത്.    

ജില്ലയിലെ അതിഥി തൊഴിലാളികളുടെ വാക്‌സിനേഷൻ യജ്ഞമായ ‘ഗസ്റ്റ് വാക്സി’നെക്കുറിച്ച് ജില്ല ലേബർ ഓഫീസർ പി എം ഫിറോസ് പറയുന്നു  “ഗസ്റ്റ് വാക്സ് ശരിക്കും ഒരു പുതിയ പ്രക്രിയയാണ്, കാരണം വിവിധ വകുപ്പുകളുടെ കോർഡിനേഷൻ ഇതിനകത്ത് അത്യാവശ്യമാണ്. ജില്ലയിൽ വാക്‌സിനേഷൻ ലഭിച്ച നാല്പത്തി നാലായിരത്തോളം അതിഥി തൊഴിലാളികളിൽ പന്തീരായിരത്തോളം വരുന്ന തൊഴിലാളികൾക്ക് പഞ്ചായത്ത്, കോർപ്പറേഷൻ, മുൻസിപ്പാലിറ്റി എന്നിവ  നേരിട്ട് പി എച്ച് സി കൾ വഴി വാക്‌സിനേഷൻ കൊടുത്തിട്ടുണ്ട്.” 

“അതുപോലെതന്നെ നമ്മുടെ ചില സ്വകാര്യ കമ്പനികൾ അവരുടെ തൊഴിലാളികൾക്ക് നേരിട്ട് വാക്‌സിനേഷൻ കൊടുക്കുന്ന നില ഉണ്ടായിട്ടുണ്ട്. ബാക്കി വരുന്ന മുപ്പത്തി മൂവായിരത്തിലധികം വരുന്ന ആളുകളെ മൊബിലൈസ് ചെയ്തത് ലേബർ ഡിപ്പാർട്ടമെന്റ് തന്നെയാണ്.”

“ചിട്ടയായ ഒരു പ്രവർത്തനമാണ് നമ്മൾ ഈ സംരംഭത്തിനായി നടത്തിയത്, രണ്ടാം ലോക്ക് ഡൗണിനു മുൻപ് തന്നെ കേരളത്തിലുടനീളമുള്ള അതിഥി തൊഴിലാളികളെ നമ്മൾ കണ്ടെത്തി. അതിനുശേഷം ഇവരുടെ നമ്പറുകൾ നമ്മൾ ശേഖരിച്ച്  സ്റ്റേറ്റ് അടിസ്ഥാനത്തിൽ തന്നെ ആ നമ്പറുകൾ കൈമാറി വാട്സാപ്പ് കൂട്ടായ്മകൾ ഉണ്ടാക്കി വിവിധ ഭാഷകളിലുള്ള പോസ്റ്റുകൾ, അതുപോലെ തന്നെ ശബ്ദ സന്ദേശങ്ങൾ, വീഡിയോസ് എല്ലാം തന്നെ തയ്യാറാക്കി അയച്ചു.  അങ്ങനെ കൃത്യമായി അവരെ ബോധവൽക്കരിച്ചുകൊണ്ടാണ് നമ്മൾ ഇപ്പോൾ ഈ നിലയിലേക്ക് എത്തിയിരിക്കുന്നത്.” 

മുവാറ്റുപുഴ നഗരത്തിൽ അതിഥി തൊഴിലാളികൾ തൊഴിൽ അന്വേഷിക്കുന്ന ദൃശ്യം (c) woke malayalam
മുവാറ്റുപുഴ നഗരത്തിൽ അതിഥി തൊഴിലാളികൾ തൊഴിൽ അന്വേഷിക്കുന്ന ദൃശ്യം Muvattupuzha Ernakulam (c) woke malayalam

അതിഥി തൊഴിലാളികളുടെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് സർക്കാർ പ്രത്യേക ക്രമീകരണങ്ങളാണ് ആസൂത്രണം ചെയ്തത്. അതാത് ജില്ലകളിൽ വാക്‌സിൻ ലഭിക്കുന്ന മുറയ്ക്ക് അതിലൊരു നിശ്ച്ചിത ശതമാനം കൃത്യമായി ലേബർ ഡിപ്പാർട്ടമെന്റ് വഴി അതിഥി തൊഴിലാളികൾക്ക് നൽകുകയാണ് ചെയ്തുപോരുന്നത്.  “ജില്ലയിലേക്കുള്ള വാക്‌സിൻ സ്റ്റോക്ക് എത്തുമ്പോൾ  അതിലൊരു നിശ്ച്ചിത ശതമാനം കൃത്യമായും ലേബർ ഡിപ്പാർട്ടമെന്റ് വഴി മൈഗ്രന്റ് ലേബേഴ്‌സിന് വിതരണം ചെയ്യാനുള്ള നടപടി നമ്മൾ സ്വീകരിച്ചു. സ്വാഭാവികമായും തൊഴിലാളികൾ എന്ന നിലയിൽ, അതിഥി തൊഴിലാളികൾ കേരളത്തിലെ ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കുന്ന അല്ലെങ്കിൽ നമ്മളുമായി ഏറ്റവും ഇടപഴകി ജീവിക്കുന്ന ആളുകളാണ് അപ്പോൾ അവരുടെ സുരക്ഷ എന്ന് പറയുന്നത് വളരെ പ്രധാനമാണ്. അതോടൊപ്പംതന്നെ അവരും സുരക്ഷിതരാകേണ്ടത് നമ്മുടെയും ഒരു പ്രധാന ആവശ്യമാണ്.” 

അതിഥി തൊഴിലാളികളുടെ വാക്‌സിനേഷന് എറണാകുളം ജില്ലാ ലേബർ ഡിപ്പാർട്മെന്റിന് സഹായവുമായി ഉള്ളത് നാഷണൽ ഹെൽത്ത് മിഷന്റെ കീഴിലുള്ള മൊബൈൽ വാക്‌സിനേഷൻ ടീമും സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്മെന്റ് (CMID) എന്ന സർക്കാർ ഇതര സംഘടനയുമാണ്. ലേബർ ഡിപ്പാർട്മെന്റുമായി സഹകരിച്ച് ഇവരുടെ ഒരു കൂട്ടായ പ്രവർത്തനമാണ് ജില്ലയിലെ അതിഥി തൊഴിലാളികളുടെ വാക്‌സിനേഷൻ പദ്ധതി ചുരുങ്ങിയ സമയംകൊണ്ട് വലിയ മുന്നേറ്റത്തിലേക്ക് എത്താൻ കാരണമെന്നാണ് എറണാകുളം ജില്ലാ ലേബർ ഓഫിസർ പറയുന്നത്. 

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾ കൂടുതലായുള്ള വട്ടക്കാട്ടുപടിയിൽ ബാർബർ ഷോപ്പിൽ ജോലി ചെയ്യുന്ന ആസ്സാം സ്വദേശി ദിൽദർ ഹുസൈൻ ലേബർ ഡിപ്പാർട്മെൻറ് സംഘടിപ്പിച്ച വാക്‌സിൻ ക്യാമ്പിൽ നിന്ന് വാക്‌സിൻ ലഭിച്ചതിനെപ്പറ്റി പറയുന്നു.  “ഒന്നര വർഷമായി ഞാൻ ഇവിടെ ഉണ്ട്. കോറോണയ്ക്ക് തൊട്ടുമുൻപ് കേരത്തിൽ എത്തിയതാണ്. എത്തിയതിനുശേഷം രണ്ടു മാസത്തിൽ കൊറോണ വ്യാപനം തുടങ്ങി. എനിക്ക് വാക്‌സിൻ ഒന്നാം ഡോസ് ലഭിച്ചു, കോവാക്സിൻ ആണ് ലഭിച്ചത്, ഒരു ഗവണ്മെന്റ് സ്റ്റാഫ് കടയിൽ വന്ന്, ഇങ്ങനെ വാക്‌സിനേഷൻ ലഭിക്കുമെന്നും പോയി എടുക്കണമെന്നും പറഞ്ഞു. ഓൺലൈനിൽ രജിസ്‌ട്രേഷൻ നടത്തിയതിനു ശേഷം ചെല്ലാനാണ് പറഞ്ഞത്.”

പെരുമ്പാവൂരിൽ ബാർബർഷോപ്പിൽ ജോലി ചെയ്യുന്ന ആസ്സാം സ്വദേശി ദിൽദർ ഹുസൈൻ (c) woke malayalam
പെരുമ്പാവൂരിൽ ബാർബർഷോപ്പിൽ ജോലി ചെയ്യുന്ന ആസ്സാം സ്വദേശി ദിൽദർ ഹുസൈൻ Perumbavoor Ernakulam (c) woke malayalam

വാക്‌സിനേഷനെക്കുറിച്ചുള്ള അവബോധമില്ലായ്മയും തെറ്റിദ്ധാരണകളും അതിഥി തൊഴിലാളികൾക്കിടയിൽ ആദ്യ ദിവസങ്ങളിൽ വാക്‌സിനേഷനോട് വിമുഖത ഉളവാക്കിയിരുന്നതായി പെരുമ്പാവൂർ രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് അജയൻ പറയുന്നു. “ആദ്യ ഘട്ടത്തിൽ തൊഴിലാളികൾ വലിയ വിമുഖതയോടെയാണ് വാക്‌സിനേഷന് വന്നുകൊണ്ടിരുന്നത്. ആ ദിവസങ്ങളിൽ തന്നെ കളക്ടറുടെ ഒരു വാർത്താക്കുറിപ്പ് പുറത്തുവന്നു,  അതിഥി തൊഴിലാളികളുൾപ്പടെ തൊഴിൽ മേഖലയിലുള്ള  എല്ലാവരും വാക്‌സിൻ എടുത്താൽ മാത്രമാണ് സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളു എന്ന്.  ഈ വാർത്ത വന്നത് വലിയ  സഹായമായി. ആദ്യത്തെ ദിവസങ്ങളിൽ 250 വാക്‌സിൻ ആണ് നമുക്ക് ലഭിച്ചത്, 10 പേരെ വീതം ഓരോ കമ്പനിയിൽ നിന്ന് വിടാൻ പറഞ്ഞാണ് നമ്മൾ ഏർപ്പാടാക്കിയത്. പക്ഷേ, ആദ്യത്തെ ദിവസം വാക്‌സിനേഷൻ കഴിഞ്ഞതോടുകൂടി പിറ്റേ ദിവസം മുതൽ  ആ സാഹചര്യം മാറി, ആളുകൾ ഇങ്ങോട്ട് അന്വേഷിച്ച വരുന്ന രീതിയിലേക്ക് അത് അത്യാവശ്യമാണെന്ന് അവർക്ക് ബോധ്യമായി.”

“ആദ്യ ഘട്ടത്തിൽ വിതരണം നടത്തിയത് രണ്ടു മേഖലകളിലായിട്ട് വ്യവസായ സ്ഥാപനങ്ങളുടെ  അസോസിയേഷൻ മുഖേനയാണ്. ആളുകളെ അയക്കുന്ന കാര്യം സ്ഥാപനങ്ങളുടെ ഉടമകളുമായി ബന്ധപ്പെട്ട്  അറിയിക്കുവാനും, സമയക്രമീകരണം അറിയിക്കുവാനും വ്യവസായ സ്ഥാനങ്ങളുടെ സംഘടനകളേയാണ് ചുമതലപ്പെടുത്തിയത്. മര വ്യവസായവുമായി ബന്ധപ്പെട്ട് പ്ലൈവുഡ്/സോമില്ലുകളിലാണ് ഏറ്റവും അധികം തൊഴിലാളികൾ ഇവിടെ ഉള്ളത്. അതുകൊണ്ട് ഈ രണ്ടു പ്രദേശത്തുമുള്ള സോമിൽ ഓണേഴ്‌സ് അസോസിയേഷൻ അതിൽ വലിയ സഹായം നമുക്ക് നൽകിയിട്ടുണ്ട്. അതുപോലെ തന്നെയാണ് വട്ടക്കാട്ടുപടിയിലുള്ള മുസ്ലിം ജമാ അത്ത് ഓഡിറ്റോറിയം ഈ ഒരു ആവശ്യത്തിലേക്ക് ഏത് ദിവസവും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം എന്നൊരു വാഗ്ദാനം ഞങ്ങൾക്ക്  നല്കിയിരിക്കുന്നത്. ഈയൊരു ആവശ്യത്തിന് വേണ്ടി പഞ്ചായത്തിന്റെ കെട്ടിടം എന്ന രീതിയിൽ ഉപയോഗിച്ചുകൊള്ളാൻ അനുമതി നൽകിയിട്ടുണ്ട്. വാക്‌സിൻ എപ്പോൾ ലഭിച്ചയാളും പിറ്റേ ദിവസം തന്നെ വാക്‌സിനേഷൻ നടത്താനുള്ള  സൗകര്യം നമുക്കതിൽ ലഭിക്കുന്നുണ്ട്. അത് കൂടാതെ ആ പ്രദേശത്തുള്ള ജനപ്രതിനിധികളും മുൻ മെമ്പർമാരും ഇവരൊക്കെ ഈ കാര്യത്തിൽ നമ്മളെ സഹായിക്കുന്നുണ്ട്.”

മുവാറ്റുപുഴ നഗരത്തിൽ അതിഥി തൊഴിലാളികൾ തൊഴിൽ അന്വേഷിച്ച് നിൽക്കുന്ന ദൃശ്യം (c) woke malayalam
മുവാറ്റുപുഴ നഗരത്തിൽ അതിഥി തൊഴിലാളികൾ തൊഴിൽ അന്വേഷിച്ച നിൽക്കുന്ന ദൃശ്യം Muvattupuzha Ernakulam (c) woke malayalam

പെരുമ്പാവൂരിൽ മത്സ്യ വ്യാപാര സ്ഥാപനത്തിൽ ജോലിചെയ്യുന്ന ആസാം സ്വദേശിയായ ഖുത്തുബുദ്ദിൻ പറയുന്നത് “ഒരു വർഷത്തിന് മുകളിലായി കേരളത്തിൽ എത്തിയിട്ട്. ഗവണ്മെന്റ് സ്റ്റാഫ് കടയിൽ വന്നു വാക്‌സിനേഷൻ എടുക്കേണ്ട കാര്യത്തെ പറ്റി പറഞ്ഞു. എന്റെ മുതലാളി എന്നോട് ഈ മാസം തന്നെ വാക്‌സിനേഷൻ എടുക്കണമെന്നും അല്ലെങ്കിൽ നാട്ടിലോട്ട് തിരികെ പോകുന്നതിനൊക്കെ ഭാവിൽ ബുദ്ധിമുട്ടുണ്ടാവുമെന്നും പറഞ്ഞു. ഇന്ന് പോകാനുള്ള ദിവസമായിരുന്നു പക്ഷെ പെട്ടെന്നുള്ള മഴ കാരണം പോവാൻ പറ്റിയില്ല. നാളെ എന്തായാലും പോയി വാക്‌സിൻ സ്വീകരിക്കും.”

പെരുമ്പാവൂരിൽ മത്സ്യ വ്യാപാര സ്ഥാപനത്തിൽ ജോലിചെയ്യുന്ന ആസ്സാം സ്വദേശി ഖുത്തുബുദ്ദിൻ (c) woke malayalam
പെരുമ്പാവൂരിൽ മത്സ്യ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആസ്സാം സ്വദേശി ഖുത്തുബുദ്ദിൻ Perumbavoor Ernakulam (c) woke malayalam

കഴിഞ്ഞ ദിവസങ്ങളിലായി വാക്‌സിനേഷൻ യജ്‌ഞം ശക്തിപ്പെടുത്തുകയും പരമാവധി ആളുകളിലേക്ക് വിവരങ്ങൾ കൈമാറുന്ന രീതിയുമാണ് ബന്ധപ്പെട്ടവർ ചെയ്തത്.  മുവാറ്റുപുഴയിൽ കഴിഞ്ഞ ദിവസം നടത്തിയ വാക്‌സിനേഷൻ യജ്‌ഞം ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വിജയകരമായിരുന്നു എന്നും 1037 അതിഥി തൊഴിലാളികൾക്ക് ഒരു ദിവസംകൊണ്ടുതന്നെ കുത്തിവയ്പ്പ് നൽകാൻ കഴിഞ്ഞു എന്നും മുവാറ്റുപുഴ മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി പ്രസിഡന്റ് പി എം അബ്ദുൽ സലാം പറഞ്ഞു. “ലേബർ വകുപ്പിന്റെ ഓഫീസർ ബന്ധപ്പെട്ടതിനെത്തുടർന്ന് ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റീ പ്രവർത്തകർ ഫേസ്ബുക് വഴിയും അന്യ സംസ്ഥാന തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും അവരെ അറിയിച്ചു. കൂടാതെ ബംഗാളി ആസ്സാമീസ് തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ ടൗണിലും സമീപ പ്രദേശങ്ങളിലും അനൗൺസ്‌മെന്റ് നടത്തി. വാക്‌സിനേഷനെപ്പറ്റി അറിയാത്തവരും എങ്ങനെ ഇത് ലഭ്യമാകുമെന്ന് അറിയാത്തവരുമായി അനേകം പേർ അവരുടെ ഇടയിൽ ഉണ്ടായിരുന്നു, അനൗൺസ്‌മെന്റ് വാഹനം അവരുടെ താമസ സ്ഥലങ്ങളിലേക്ക് എത്തുകയും അവർ ഓരോരുത്തരുടെയും ഭാഷയിൽ അവരിൽപ്പെട്ട ആൾ തന്നെ കാര്യങ്ങൾ വിവരിച്ച കൊടുത്തപ്പോൾ എല്ലാവരും വാക്‌സിനേഷന് മുൻപോട്ട് വരാൻ തയ്യാറായി.”

ആദ്യ സമയങ്ങളിൽ കൂടുതൽ ആളുകൾക്ക് ഒരു ദിവസം തന്നെ കുത്തിവയ്പ്പ് നൽകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിലുള്ള പരിചയക്കുറവും മറ്റും കാരണം ഭൂരിഭാഗം ആളുകളും നേരിട്ടെത്തി മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയായിരുന്നു തുടക്കത്തിൽ. പക്ഷേ അത് വലിയ സമയചിലവുള്ള പ്രക്രിയ ആയതിനാലും കുറഞ്ഞ സമയത്തിൽ കൂടുതൽ ആളുകളിലേക്ക് വാക്‌സിൻ എത്തിക്കുക എന്ന ലക്ഷ്യവുമായി ഇവർക്ക് മുൻകൂട്ടി കോവിന് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു കൊടുത്തതായി രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് അജയൻ പറയുന്നു. “നമുക്ക് ആദ്യ സമയങ്ങളിൽ വന്ന ഒരു ബുദ്ധിമുട്ടെന്ന് പറഞ്ഞാൽ കോവിനിൽ  രജിസ്റ്റർ ചെയ്യേണ്ട ഒരു ആവശ്യമുണ്ടായിരുന്നു. തൊഴിലാളികൾ എത്തിക്കഴിഞ്ഞതിനു ശേഷം അവരുടെ ഫോണിൽ അവരുടെ ആധാർ കാർഡ് വച്ച് ആദ്യം രജിസ്റ്റർ ചെയ്തിട്ട് വേണമായിരുന്നു വാക്‌സിനേഷൻ നടപടി പൂർത്തിയാക്കാൻ. അപ്പോൾ നമുക്ക് ഏകദേശം ഇരട്ടി സമയം ഒരാൾക്കുവേണ്ടി ചെലവാക്കേണ്ടി വന്നു. അതുകൊണ്ട് കഴിഞ്ഞ ദിവസങ്ങളായിട്ട് ചെയ്തുവരുന്നത് ഓരോ സ്ഥാപന ഉടമകളോട് അല്ലെങ്കിൽ വരുന്നതിനു മുൻപ് തന്നെ ആ പ്രദേശത്തുള്ള മെമ്പർമാർ വഴി അതാത് പ്രദേശത്തുവച്ച് തന്നെ അവരുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കി വരാനാണ് പറഞ്ഞത്. കഴിഞ്ഞ ദിവസം 1000 പേരുടെ വാക്‌സിനേഷൻ നടന്ന അന്ന് 100 പേരിൽ താഴെ മാത്രമാണ് കോവിനിൽ രജിസ്റ്റർ ചെയ്യാതെ വന്നുള്ളൂ. അത് അവിടെ ഉണ്ടായിരുന്ന സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ അവർക്ക് ചെയ്തു കൊടുക്കുകയും ചെയ്തു. ഇപ്പോൾ ആ ഒരു ബുദ്ധിമുട്ട് തീർന്നിട്ടുണ്ട്. അതുകൊണ്ട് സമയം നമുക്ക് ലാഭിക്കാൻ സാധിക്കുന്നുണ്ട്, കൂടുതൽ പേർക്ക് വാക്‌സിനേഷൻ നൽകാൻ സാധിക്കും.”

പെരുമ്പാവൂരിലെ തടിമില്ലിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളികൾ (c) woke malayalam
പെരുമ്പാവൂരിലെ തടിമില്ലിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളികൾ Perumbavoor Ernakulam (c) woke malayalam

സംസ്ഥാനത്തെ വാക്‌സിൻ ലഭ്യതക്കുറവ് മാത്രമാണ് ഇപ്പോൾ ഈ ഉദ്യമത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുള്ളെന്നും ആവശ്യത്തിന് വാക്‌സിൻ ലഭ്യമാകുന്ന സാഹചര്യം ഉണ്ടായാൽ തീർച്ചയായും ചുരുങ്ങിയ സമയംകൊണ്ട് തന്നെ സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികൾക്കും ആദ്യ ഡോസ് വാക്‌സിനേഷൻ ലഭ്യമാക്കാൻ കഴിയുമെന്ന ഒരു ശുഭപ്രതീക്ഷയാണ് എറണാകുളം ജില്ലാ ലേബർ ഓഫീസർ പങ്കുവയ്ക്കുന്നത്. “വാക്‌സിന്റെ ഒരു അവൈലബിലിറ്റി ആണ് നിലവിലെ പ്രശ്നം. വാക്‌സിൻ കൃത്യമായി അവൈലബിൾ ആകുന്ന ഒരു സാഹചര്യത്തിൽ രണ്ടാഴ്ച്ച കൊണ്ട് അതിഥി തൊഴിലാളികളിൽ നമുക്ക് ആദ്യ ഡോസ് വാക്‌സിൻ 100 ശതമാനം പൂർത്തിയാക്കാൻ സാധിക്കും.അതിനുവേണ്ട കൃത്യതയാർന്നതും ചിട്ടയായതുമായ പ്രവർത്തനമാണ് എല്ലാ പ്രവർത്തകരുടെയും ജനങ്ങളുടെയും ഭാഗത്തുനിന്ന് ഈ ഉദ്യമത്തിന് ലഭിക്കുന്നത്.”