Fri. Nov 22nd, 2024

കൊച്ചി ∙

സ്റ്റാർട്ടപ് സംരംഭകർക്കു പുതിയ പ്രതീക്ഷയായി കളമശേരി ടെക്നോളജി ഇന്നൊവേഷൻ സോണിൽ ആരംഭിക്കുന്ന ഡിജിറ്റൽ ഹബ് മുഖ്യമന്ത്രി പിണറായി വിജയൻ 18നു രാവിലെ 11.15നു നാടിനു സമർപ്പിക്കും. കേരള സ്റ്റാർട്ടപ് മിഷന്റെ (കെഎസ്‌യുഎം) കീഴിലുള്ള കെട്ടിട സമുച്ചയത്തിൽ പുത്തൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഇൻകുബേറ്ററുകൾ, ആക്സിലറേറ്ററുകൾ, മികവിന്റെ കേന്ദ്രങ്ങൾ എന്നിവ സജ്ജീകരിക്കും.

2 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിട സമുച്ചയത്തിൽ 200 സ്റ്റാർട്ടപ്പുകളെക്കൂടി ഉൾക്കൊള്ളാനാകും. സോണിന്റെ ഭാഗമായി നിലവിലുള്ള ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സിൽ 165 സ്റ്റാർട്ടപ്പുകളാണു പ്രവർത്തിക്കുന്നത്. വാടക നിരക്കുകൾ 2500 രൂപയിലാണ് ആരംഭിക്കുന്നത്. ഡിജിറ്റൽ ഹബ് പൂർണ സജ്ജമാകുമ്പോൾ ദക്ഷിണേഷ്യയിലെ തന്നെ വലിയ ടെക്നോളജി ഹബായി മാറുമെന്നു സിഇഒ ജോൺ എം. തോമസ് പറഞ്ഞു.

ഡിസൈൻ ഇൻകുബേറ്റർ, ഹെൽത് കെയർ ഇൻകുബേറ്റർ, മൗസർ ഇലക്ട്രോണിക്സിന്റെ മികവിന്റെ കേന്ദ്രം, ഡിസൈൻ സ്റ്റുഡിയോകൾ, നിക്ഷേപകർക്കുള്ള പ്രത്യേക സംവിധാനം, ഇന്നൊവേഷൻ കേന്ദ്രം എന്നിവ സജ്ജമാക്കും.  ഡിസൈൻ, പ്രോഡക്ട് ഡവലപ്മെന്റ് സൗകര്യങ്ങളുടെ കേന്ദ്രമായി മാറുന്നതോടെ ലോകോത്തര ഉൽപാദകരും ബഹുരാഷ്ട്ര സ്ഥാപനങ്ങളും ഇവിടെയെത്തും. സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ വിഭാഗങ്ങളിലെ ഉൽപന്ന രൂപകൽപന, വികസനം എന്നിവയ്ക്കുള്ള ഏകീകൃത കേന്ദ്രമായി മികവിന്റെ കേന്ദ്രം മാറും.

നിർമിത ബുദ്ധി, റോബട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, ലാഗ്വേജ് പ്രോസസിങ് എന്നീ അത്യാധുനിക സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായാകും കേന്ദ്രം പ്രവർത്തിക്കുക. 2500 പേർക്കു നേരിട്ടു തൊഴിലവസരം ലഭിക്കുന്ന 200 സ്റ്റാർട്ടപ്പുകളാകും ആദ്യഘട്ടത്തിൽ പ്രവർത്തിച്ചു തുടങ്ങുക.

ആശയ രൂപീകരണം മുതൽ ഉൽപന്നത്തിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള മാതൃകാ രൂപകൽപന വരെ ഒരു കുടക്കീഴിൽ കൊണ്ടു വരികയെന്ന ലക്ഷ്യമാണു ഡിജിറ്റൽ ഹബിനു പിന്നിലുള്ളത് സൂപ്പർ ഫാബ് ലാബ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ യുവാക്കളിൽ രൂപകൽപന അഭിരുചി വളർത്താനും ദ്രുതഗതിയിൽ ഉൽപന്നങ്ങളുടെ മാതൃകാ രൂപീകരണം നടത്താനും ഹബ് സഹായിക്കും.

ടെക്നോളജി ഇന്നൊവേഷൻ സോണിന്റെ ഭാഗമാണു ഡിജിറ്റൽ ഹബ്. 13.2 ഏക്കർ സ്ഥലത്താണ് സോൺ സ്ഥിതി ചെയ്യുന്നത്. ആകെ 4 ലക്ഷം ചതുരശ്രയടിയാണു സോണിന്റെ വിസ്തൃതി. 2.3 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സ്, ബയോടെക്നോളജി ഇൻകുബേറ്റർ സെന്റർ എന്നിവയാണു നിലവിൽ ഇവിടെയുള്ളത്. ഹബ് ഉദ്ഘാടനച്ചടങ്ങിൽ, മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.