Wed. Jan 22nd, 2025

ആമ്പല്ലൂര്‍:

ആമ്പല്ലൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കുമളി സ്വദേശി മൈലമണ്ണില്‍ അയ്യപ്പന്‍കുട്ടിയാണ് (56) അറസ്റ്റിലായത്. മണലി മച്ചാടന്‍ വീട്ടില്‍ സുബ്രഹ്മണ്യനാണ് (74) കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ സെക്യൂരിറ്റി ജീവനക്കാരനാണ് സുബ്രമഹ്മണ്യന്‍. അലഞ്ഞുനടക്കുന്ന അയ്യപ്പന്‍കുട്ടി കെട്ടിടത്തിനുള്ളില്‍ കിടക്കുന്നത് ചോദ്യം ചെയ്തത് തര്‍ക്കത്തിനിടയാക്കി.

ഉറങ്ങികിടന്ന തന്നെ വിളിച്ചുണര്‍ത്തിയ ദേഷ്യത്തില്‍ സെക്യൂരിറ്റികാരനെ ചവിട്ടി താഴെയിട്ടുവെന്നാണ് പ്രതിയുടെ മൊഴി. തലയടിച്ച് വീണ സുബ്രഹ്മണ്യന്‍ തല്‍ക്ഷണം മരിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടിയാണ് പൊലീസില്‍ ഏല്‍പ്പിച്ചത്.

ബുധനാഴ്ച സംഭവ സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി കൃത്യം നടത്തിയത് പൊലീസിനോട് വിശദീകരിച്ചു. പുതുക്കാട് സി.ഐ ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.