Mon. Dec 23rd, 2024
ചവറ:

സർക്കാരിന്റെ 100 ദിന പദ്ധതിയുടെ ഭാഗമായി കെഎംഎംഎല്ലിൽ പൂർത്തിയായ രണ്ടു പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്‌ച നടക്കും. ആരോഗ്യ മേഖലയ്ക്ക് വിതരണംചെയ്യുന്ന ദ്രവീകൃത ഓക്‌സിജൻ ഉൽപ്പാദനശേഷി പ്രതിദിനം ഏഴു ടണ്ണിൽനിന്ന് 10 ടണ്ണായി വർധിപ്പിച്ച പദ്ധതി മന്ത്രി പി രാജീവും കമ്പനിയുടെ യൂണിറ്റ് 400ൽ കമീഷൻചെയ്ത ഹോട്ട് ബാഗ് ഫിൽട്ടർ സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി കെ എൻ ബാലഗോപാലും നിർവഹിക്കും.

1984ൽ കമീഷൻചെയ്ത പ്രതിദിനം 50 ടൺ ഉൽപ്പാദന ശേഷിയുള്ള ഓക്‌സിജൻ പ്ലാന്റ് കാലഴപ്പക്കത്തെ തുടർന്ന് ഉൽപ്പാദന ശേഷി 33 ടണ്ണായി കുറഞ്ഞിരുന്നു. തുടർന്ന്‌ 2020 ഒക്ടോബറിൽ 50 കോടി രൂപ ചെലവിൽ 70 ടൺ ശേഷിയുള്ള ആധുനിക ഓക്‌സിജൻ പ്ലാന്റ് സ്ഥാപിച്ചു.

കമ്പനിയിലെ പ്രധാന ഉൽപ്പന്നമായ ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്‌മെന്റ് നിർമാണ പ്രക്രിയക്കാണ് ഓക്‌സിജൻ ഉപയോഗിക്കുന്നത്. വാതക ഓക്‌സിജനൊപ്പം ഏഴുടൺ ദ്രവീകൃത ഓക്‌സിജനും ഈ പ്ലാന്റിൽനിന്ന് ലഭ്യമായി.

ഇതു പെസോ അംഗീകാരമുള്ള കമ്പനികൾവഴി ആരോഗ്യ മേഖലയ്ക്ക് നൽകിവരികയാണ്. കോവിഡ് രൂക്ഷമാകുകയും ഓക്‌സിജന്റെ ആവശ്യം കൂടുകയുംചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ മേഖലയിലേക്ക് ആവശ്യമായ ഓക്‌സിജൻ ഉൽപ്പാദനം കൂട്ടാൻ തീരുമാനിച്ചത്.

തുടർന്ന്‌ പ്ലാന്റ് സ്ഥാപിച്ച ജർമനിയിലെ ലിൻഡ എന്ന കമ്പനിയുമായി കെഎംഎംഎൽ ബന്ധപ്പെടുകയായിരുന്നു. പ്ലാന്റിൽ വരുത്തിയ സാങ്കേതിക മാറ്റത്തിലൂടെ ദ്രവീകൃത ഓക്‌സിജന്റെ ഉൽപ്പാദന ശേഷി 10 ടണ്ണായി ഉയർത്താനായി. 3.9 കോടി രൂപ ചെലവിലാണ് ഉൽപ്പാദന ശേഷി വർധിപ്പിച്ചത്‌.

2020 ഒക്ടോബർ മുതൽ ഇതുവരെ രണ്ടായിരത്തോളം ടൺ ഓക്സിജൻ ആരോഗ്യ മേഖലയ്ക്ക് നൽകി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓക്സിജൻ സൗകര്യമുള്ള ബെഡുകളോടെ രണ്ടാംതല കോവിഡ്‌ പരിചരണകേന്ദ്രം കെഎംഎംഎൽ നേരത്തെ ഒരുക്കി നൽകിയിരുന്നു.