Wed. Jan 22nd, 2025
കോട്ടയം:

കൈക്കൂലി വാങ്ങുന്നതിനിടെ അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസിൻെറ​ പിടിയിൽ. പൊൻകുന്നം മിനിസിവിൽ സ്​റ്റേഷനിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി ആർ ടി ഒ ഓഫിസിലെ അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി എസ് ശ്രീജിത്തിനെയാണ്​ കോട്ടയം വിജിലൻസ്​ അറസ്​റ്റ്​ ചെയ്​തത്​.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്നിവർ ലൈസൻസ് എടുക്കാൻ വരുന്നവരിൽനിന്ന്​ ഡ്രൈവിങ്​ സ്കൂൾ നടത്തുന്ന എജൻറുമാർ മുഖേന കൈക്കൂലി വാങ്ങുന്നുവെന്ന്​ വിജിലൻസിന്​ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്​ച വൈകീട്ട്​ നടത്തിയ മിന്നൽ പരിശോധനയിലാണ്​ ശ്രീജിത്​ കുടുങ്ങിയത്​.

പൊൻകുന്നം-പാലാ ഹൈവേയിൽ പഴയ റീജനൽ ട്രാൻസ്പോർട്ട് ഓഫിസിന് മുന്നിൽനിന്നാണ്​ (അട്ടിക്കൽ ജങ്​ഷൻ) കസ്​റ്റഡിയിലെടുത്തത്​. ആർ ടി ഒ ഏജൻറിൻ്റെ കൈയിൽനിന്ന്​ കൈക്കൂലിയായി 6850 രൂപ കൈപ്പറ്റുന്നതിനിടെ പിന്തുടർന്നുവന്ന വിജിലൻസ് പിടികൂടുകയായിരുന്നു.

ആർ ടി ഒ ഓഫിസിലെ പേഴ്​സനൽ കാഷ്​ രജിസ്​റ്ററിൽ 380 രൂപ മാത്രമാണ് കൈയിലെന്നാണ്​ ​ചൊവ്വാഴ്​ച ശ്രീജിത്​ രേഖപ്പെടുത്തിയിരുന്നത്​. ഇത്​ പരിശോധിച്ച ശേഷമായിരുന്നു അറസ്​റ്റ്​. കൈക്കൂലി കൈപ്പറ്റുന്നതി​ൻ്റെ വിഡിയോ ദൃശ്യം വിജിലൻസ് സംഘം പകർത്തി.

കാഞ്ഞിരപ്പള്ളി റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ നടത്തിയ പരിശോധനയിൽ ഓഫിസിലുണ്ടായിരുന്ന ഏജൻറ്​ നിയാസിൻ്റെ പക്കൽനിന്ന്​ കണക്കിൽപെടാത്ത 5500 രൂപ കണ്ടെടുത്തു. സെക്​ഷൻ ക്ലർക്കുമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും നൽകുന്നതിനായി കൊണ്ടുവന്ന തുകയാണിതെന്ന്​ ഇയാൾ സമ്മതിച്ചതായി വിജിലൻസ്​ അറിയിച്ചു.

ഇയാളുടെ കൈയിൽനിന്ന്​ 54 വാഹനങ്ങളുടെ നമ്പറും ഓരോ നമ്പറിനും നേരെ 50 രൂപ വീതം രേഖപ്പെടുത്തിയ പട്ടികയും കണ്ടെടുത്തു. ഓരോ പുതിയ വാഹനങ്ങൾ രജിസ്​റ്റർ ചെയ്യുന്നതിനും 50 രൂപ വീതം സെക്​ഷൻ ക്ലർക്കുമാർക്ക് നൽകണമെന്നും അതിന്​ ഉദ്യോഗസ്ഥർ നൽകിയ ലിസ്​റ്റാണിതെന്നും ഇയാൾ മൊഴി നൽകി. ഈ തുകയും വിജിലൻസ്​ പിടിച്ചെടുത്തു.