Wed. Jan 22nd, 2025

കൊല്ലങ്കോട് ∙

ഗവേഷണ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ജില്ലാ കലക്ടർ എന്നിവർക്കു പരാതി നൽകി. പയ്യലൂർ ഓഷ്യൻ ഗ്രേയ്സിൽ വിമുക്തഭടൻ  സി.കൃഷ്ണൻകുട്ടിയുടെ മകൾ കെ കൃഷ്ണകുമാരി(33)യാണു കഴിഞ്ഞ ദിവസം വീട്ടിനകത്തു ജീവനൊടുക്കിയത്.

കോയമ്പത്തൂരിലെ സ്വകാര്യ കൽപിത സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിനിയായ കെ കൃഷ്ണകുമാരിയെ ഗവേഷണത്തിനു സഹായിക്കേണ്ട അധ്യാപകർ മാനസികമായി പീഡിപ്പിക്കുകയും ഗവേഷണം പൂർത്തിയാക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നുള്ള കടുത്ത മാനസിക സമ്മർദവുമാണു ജീവനൊടുക്കാൻ കാരണമെന്നാണു കുടുംബം ആരോപിക്കുന്നത്.

ഈ സാഹചര്യത്തിൽ കുടുംബത്തിനു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണു മുഖ്യമന്ത്രിക്കും കലക്ടർക്കും ഓൺലൈനായി പരാതി നൽകിയിരിക്കുന്നത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത കൊല്ലങ്കോട് പൊലീസ് കുടുംബാംഗങ്ങളിൽ നിന്ന് ഇന്നു വിശദമായ മൊഴിയെടുക്കും. മൊഴിയുടെ അടിസ്ഥാനത്തിൽ കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങളുടെ വസ്തുതയ്ക്കു മേൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.