Fri. Mar 29th, 2024
തൃക്കരിപ്പൂർ:

വലിയപറമ്പ് ദ്വീപിൽ കടൽ സൗന്ദര്യം കാണാനെത്തുന്നവർക്ക് സുരക്ഷയൊരുക്കാൻ സിവിൽ പ്രതിരോധ വൊളന്റിയർമാർ. 24 കിലോ മീറ്റർ കടൽത്തീരമുള്ള ദ്വീപിലെ വിവിധ ബീച്ചുകളിൽ കടലിൽ കുളിക്കാനിറങ്ങുന്നത് ഇടയ്ക്കിടെ അപായമുണ്ടാകുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് തൃക്കരിപ്പൂർ അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ സേന രംഗത്തിറങ്ങിയത്.

ഒഴിവു ദിനങ്ങളിലും ആഘോഷ വേളകളിലുമാണ് കടൽക്കാഴ്ച കാണാൻ കൂടുതൽ പേർ എത്തുന്നത്. ഈ ദിവസങ്ങളിൽ പത്തിലധികം പേരടങ്ങുന്ന വൊളന്റിയർമാരുടെ സംഘം കടലോരത്തുണ്ടാകും. വൈകിട്ട് 3 മുതൽ 7 വരെ വൊളന്റിയർമാർ വിനോദ സഞ്ചാരികളിൽ സുരക്ഷാ ബോധവൽക്കരണം നടത്തും.

കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വന്നതോടെയാണ് തദ്ദേശിയരും അല്ലാത്തവരുമായ കുടുംബങ്ങൾ കുട്ടികൾക്കൊപ്പം കടൽക്കാഴ്ചകൾ കാണാൻ പതിവായി എത്തിത്തുടങ്ങിയത്. മുന്നറിയിപ്പ് വക വയ്ക്കാതെ പലരും അപായമേഖലകളിൽ കടലിൽ കുളിക്കാനിറങ്ങുന്നതും പതിവായി. ജനകീയ ദുരന്ത പ്രതിരോധ സേനയുടെ ഇടപെടൽ ഫലം ചെയ്തു തുടങ്ങിയിട്ടുണ്ട്.

അഗ്നിരക്ഷാ നിലയം തൃക്കരിപ്പൂർ സ്റ്റേഷൻ ഓഫിസർ കെ എം ശ്രീനാഥ്, റസ്‌ക്യൂ ഓഫിസർ കെ.വിനീഷ്, കെ വി പ്രകാശൻ, ഹോം ഗാർഡ് പി സന്തോഷ്, ജയശങ്കർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജനകീയ പ്രതിരോധ സേനാ അംഗങ്ങൾക്ക് പരിശീലനം നൽകിയത്. കടലും കായലും ഒന്നായി ചേർന്നൊഴുകുന്ന മാവിലാക്കടപ്പുറം പുലിമുട്ടിലാണ് അപായ സാധ്യത കൂടുതൽ. സഞ്ചാരികൾ കൂടുതൽ എത്തുന്നതും ഈ മേഖലയിലാണ്.