Mon. Dec 23rd, 2024
കോഴിക്കോട്:

പേരാമ്പ്ര മുതുകാട്ടില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ പ്രത്യക്ഷ സമരവുമായി സി പി എം. മാവോയിസ്റ്റുകളെത്തി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നിരന്തരം പോസ്റ്ററുകള്‍ പതിക്കുന്ന സാഹചര്യത്തിലാണ് സമരമെന്ന് സിപിഎം വ്യക്തമാക്കി. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമമാണ് മാവോയിസ്റ്റുകള്‍ നടത്തുന്നതെന്നും സിപിഎം ആരോപിച്ചു.

മുതുകാട് പേരാമ്പ്ര എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ വീടുകളിലും എസ്റ്റേറ്റ് ഓഫീസിലും സായുധരായ മാവോയിസ്റ്റ് സംഘമെത്തി ഭീഷണിമുഴക്കിയതായാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്തെ കെട്ടിടങ്ങളില്‍ എളമരം കരീം ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇരുമ്പയിര്‍ ഖനന വിരുദ്ധ പരാമര്‍ശങ്ങളും പോസ്റ്ററിലുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് സി പി എം മുതുകാട് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിക്കുന്നത്. നാളെ മുതുകാട് മേഖലയില്‍ 250 കേന്ദ്രങ്ങളിലായി പ്രതിഷേധ ജ്വാല തെളിയിക്കും. മൂവായിരത്തോളം ആളുകള്‍ അണിചേരുമെന്നും സി പി എം വ്യക്തമാക്കി. പ്രദേശത്തെ ആളുകളുടെ ഭീതിയകറ്റാന്‍ മാവോയിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.