Mon. Dec 23rd, 2024

തളിക്കുളം ∙

മീൻപിടിത്തത്തിനിടെ എൻജിൻ തകരാറിലായ ബോട്ട് തിരയടിയിൽ നിയന്ത്രണം വിട്ടു. മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. പൊന്നാനി ഹാർബറിൽ നിന്ന് വെള്ളി പുലർച്ചെ മീൻപിടിക്കാൻ പോയ ‘അനസ് മോൻ’ എന്ന ബോട്ടിന്റെ എൻജിനാണ് ചിലങ്ക ബീച്ചിനു സമീപം കടലിൽ തകരാറിലായത്.

എൻജിൻ തകരാറിലായതിനെ തുടർന്നു കടലിൽ നങ്കൂരമിട്ടെങ്കിലും തിരയടിയിൽ പൊട്ടിയതോടെ ബോട്ടിന്റെ നിയന്ത്രണം പൂർണമായും നഷ്ട‌പ്പെടുകയായിരുന്നു. കടലിൽ മണിക്കൂറോളം ആടിയുലഞ്ഞ ബോട്ട് ചിലങ്ക ബീച്ചിനു സമീപം ഇന്നലെ പുലർച്ചെ അടിഞ്ഞു.

ഇതിനകം ബോട്ടിലുണ്ടായിരുന്ന 5 ബംഗാൾ സ്വദേശികൾ ഉൾപ്പെടെ 6 മത്സ്യ   തൊഴിലാളികൾ നീന്തി കരയിലെത്തി. ബോട്ടിലെ ഏക മലയാളിയായ പൊന്നാനി സ്വദേശി ഉസ്മാനാണ് സംഘത്തെ നയിച്ചിരുന്നത്. ബോട്ടിലെ വലയും പിടിച്ച മീനുകളും കടലിൽ നഷ്ടപ്പെട്ടു.

ചേറ്റുവ ഹാർബറിൽ നിന്നു രണ്ടു ബോട്ടുകളിലായി മറ്റു തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും തിരയടി ശക്തമായതിനാൽ കഴിഞ്ഞില്ല. ചിലങ്ക ബീച്ച് ജയ്ഹിന്ദ് ക്ലബ് പ്രവർത്തകർ, നീന്തി രക്ഷപ്പെട്ട തൊഴിലാളികളെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയും ഭക്ഷണം നൽകിയും സഹായിച്ചു.