അടൂർ:
ജില്ലയിൽ സാംസ്‌കാരിക സമുച്ചയ നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സാംസ്‌കാരിക സമുച്ചയം നിർമിക്കുന്നതിന് കെ യു ജനീഷ് കുമാർ എംഎൽഎ നിർദേശിച്ച ഏനാദിമംഗലം പൂതങ്കരയിലുള്ള സ്ഥലം സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
ജില്ലയിലെ മറ്റു സ്ഥലങ്ങളും പരിഗണനയിൽ വന്നിട്ടുണ്ട്. ഇതിൽ ഏറ്റവും മികച്ച സ്ഥലം നോക്കിയതിനു ശേഷം അന്തിമ തീരുമാനമെടുക്കും. അഞ്ചേക്കർ സ്ഥലമാണ് സാംസ്‌കാരിക സമുച്ചയ നിർമാണത്തിന് വേണ്ടത്.
സൗജന്യമായി ലഭിക്കുന്ന സ്ഥലത്തിനാണ് പരിഗണന. ജില്ലയിൽ സാംസ്‌കാരിക സമുച്ചയ നിർമാണം താമസിച്ചുപോയി. മറ്റ് ഒൻപതു ജില്ലകളിലും നിർമാണം ആരംഭിച്ചു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
കെഐപിയുടെ കീഴിലുള്ള പൂതങ്കര നാലാം വാർഡിലെ അഞ്ച് ഏക്കർ സ്ഥലമാണ് മന്ത്രി സന്ദർശിച്ചത്. കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിലാണ് ജില്ലയ്ക്ക് ചട്ടമ്പി സ്വാമികളുടെ പേരിൽ സാംസ്‌കാരിക സമുച്ചയം അനുവദിച്ചത്.
കെ യു ജനീഷ് കുമാർ എംഎൽഎ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസീധരൻ പിള്ള, ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ആർ രാജഗോപാലൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ ബി രാജീവ് കുമാർ, എസ് മഞ്ജു, പഞ്ചായത്ത് അംഗം ലക്ഷ്മി ജി നായർ, ഏനാദിമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ മോഹൻകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.