Wed. Jan 22nd, 2025

കൊച്ചി:

വികസനത്തിന്‍റെ പേരിൽ കോടിക്കണക്കിന് രൂപ മുതൽമുടക്കുമ്പോഴും തൃക്കാക്കരയിൽ പദ്ധതി നിർവ്വഹണം ഒരു പ്രഹസനമാണ്. പലഘട്ടങ്ങളിലായി കോടിക്കണക്കിന് രൂപ മുതൽ മുടക്കിയാണ് കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി നഗരസഭ ഓഫീസ് നവീകരിച്ചത്. എന്നാൽ പണി പൂർത്തിയാക്കിയ ഓഫീസിൽ അന്ന് മുതൽ ചോർച്ചയും വിള്ളലും തുടങ്ങി.

കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി ഭരണത്തിന്‍റെ അവസാനവർഷമാണ് നഗരസഭ ഓഫീസ് അടിമുടി പുതുക്കിയത്. നാലരക്കോടി രൂപയാണ് ഇതിനായി ചിലവിട്ടത്. നവീകരണം കഴിഞ്ഞ ആ മാസം ഓഫീസിൽ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.

ഓഫീസിനകത്ത് നിൽക്കണമെങ്കിൽ കുട ചൂടാതെ തരമില്ല. ചിലവാക്കിയ കോടികൾ ഏത് വഴിക്ക് പോയെന്നാണ് വോട്ടർമാർ ഉന്നയിക്കുന്ന ചോദ്യം. മാസങ്ങൾക്കകം സീലിംഗിലും വിള്ളൽ വീണു. മുകൾ ഭാഗവും പൊളിഞ്ഞു.

ഓഫീസ് കെട്ടിടത്തിന് മുന്നിലെ ഗ്ലാസുകളിലും പൊട്ടൽ വീണു. കുത്തഴിഞ്ഞ നഗരസഭാ ഭരണത്തിന്‍റെ ഉദാഹരണമാണ് ഓഫീസിന് ഉള്ളിലും കാണാൻ കഴിയുക. നഗരസഭയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിന്‍റെ ഓഫീസിൽ ഫയലുകളും,രേഖകളും വെറും നിലത്ത് കൂട്ടിയിട്ടിരിക്കുകയാണ്.

മേലുദ്യോഗസ്ഥരുടെ മുറിയിലും കെട്ടുക്കണക്കിന് ഫയലുകൾ. നഗരസഭ പരിധിക്കുള്ളിൽ 65,000 കെട്ടിടങ്ങളുണ്ടെന്നാണ് കണക്ക്. ഈ കെട്ടിടങ്ങൾ സംബന്ധിച്ചുള്ള രേഖകൾ നഷ്ടപ്പെടാനും,നശിച്ച് പോകാനും സാധ്യതകളേറെ എന്ന് വ്യക്തം.

എന്നാൽ അതേ സമയം നവീകരണത്തിൽ പുറംമോടി ഒട്ടുംകുറച്ചിട്ടില്ല. നഗരസഭ കവാടത്തിന് മുന്നിൽ ഒരു കുഴപ്പമില്ലാതിരുന്ന ഗെയ്റ്റും,കൊടിമരവും മാറ്റി പുതിയത് സ്ഥാപിച്ചിട്ടുണ്ട്.