Mon. Dec 23rd, 2024

വണ്ടാനം:

വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  കൊവിഡ് ഐസിയുവിലെ ജീവനക്കാരില്‍ നിന്നുണ്ടായ വീഴ്‌ചയെ കുറിച്ച്  ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ ആശാ തോമസാണ് ഞായറാഴ്‌ച ആശുപത്രിയിലെത്തി. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ അബ്‌ദുല്‍ സലാം, കൊവിഡ് ഡ്യൂട്ടിയിലുള്ള ഡോക്‌ടര്‍മാര്‍ ജീവനക്കാര്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

ചികിത്സയിലിരിക്കെ  കൊവിഡ് രോഗികള്‍ മരിച്ചാല്‍ ബന്ധുക്കളെ അറിയിക്കുന്ന രീതി, മൃതദേഹം വിട്ടുകൊടുക്കുന്ന നടപടി ക്രമങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് രോഗിയുടെ മൃതദേഹം മാറി ബന്ധുക്കൾക്ക് നൽകിയ വിവരങ്ങളും ചോദിച്ചറിഞ്ഞു. കൊവിഡ് രോഗി മരിച്ചെന്ന തെറ്റായ വിവരം ബന്ധുക്കളെ അറിയിക്കാന്‍ ഇടയായ സാഹചര്യം, വീഴ്‌ച ഉണ്ടായത് ആരില്‍നിന്ന്, ബോധപൂര്‍വമാണോ എന്നീ കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കും.

പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറും. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ഐസിയുവില്‍ മുമ്പും വീഴ്‌ചകളുണ്ടായിട്ടുണ്ടെങ്കിലും ജോലിയില്‍ കൃത്യവിലോപം കാട്ടിയതിന് ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുന്നത് ആദ്യം. കഴിഞ്ഞ ദിവസം  കൊവിഡ് ഐസിയുവില്‍ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം ബന്ധുക്കള്‍ തെറ്റായി തിരിച്ചറിഞ്ഞ് ഏറ്റെടുക്കാനിടയായ സംഭവത്തിലാണ് ഒരാളെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയത്.

കൊവിഡ് ഐസിയു റിപ്പോര്‍ട്ടിങ് സ്‌റ്റാഫ് എ അബാബിനെതിരെയാണ് ആശുപത്രി സൂപ്രണ്ട്, ചീഫ് നഴ്സിങ് ഓഫീസര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് നടപടിയെടുത്തത്‌. കഴിഞ്ഞ ദിവസങ്ങളിൽ  ആശുപത്രിയിലുണ്ടായ വീഴ്‌ചകളിൽ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അത്യാഹിതവിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.അബ്‌ദുൾ സലിമിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു.