Fri. Nov 22nd, 2024

കൊച്ചി:

കൂടുതൽ ആകർഷകമായ വാടകനിരക്കും വ്യവസ്ഥകളും പ്രഖ്യാപിച്ച്‌ മെട്രോ സ്‌റ്റേഷനുകളെ ഒന്നാംകിട വാണിജ്യകേന്ദ്രമാക്കാനൊരുങ്ങി കൊച്ചി മെട്രോ റെയിൽ കോർപറേഷൻ (കെഎംആർഎൽ).  മെട്രോയിലേക്ക്‌ കൂടുതൽ യാത്രക്കാരെ ആകർഷിക്കലും അതുവഴി വരുമാനവർധനയുമാണ്‌ ലക്ഷ്യം . അനാകർഷകമായ നിലവിലെ വാടകസമ്പ്രദായം ഉപേക്ഷിച്ച്‌ ചതുരശ്രയടിക്ക്‌ ആകർഷകമായ തുക നിശ്‌ചയിച്ച്‌ ലേലത്തിൽ പാട്ടത്തിന്‌ നൽകാനാണ്‌ ഉദ്ദേശിക്കുന്നത്‌.

വിവിധ മെട്രോ സ്‌റ്റേഷനുകളിലായി 40,000 ചതുരശ്രയടി സ്ഥലമാണ്‌ നൽകുക. ഇതുവരെ, ടെൻഡർ ക്ഷണിച്ച്‌ ഉയർന്ന തുക ക്വാട്ട്‌ ചെയ്‌തവർക്ക്‌ നൽകുന്ന രീതിയായിരുന്നു. ആദ്യം ക്വാട്ട്‌ ചെയ്‌ത നിരക്ക്‌ അടിസ്ഥാനവിലയായി മാറുന്നതിനാൽ പിന്നീട്‌ വരുന്നവർക്ക്‌ അതിൽ കുറച്ചുനൽകാനാകില്ലായിരുന്നു.

അതിന്റെ ഭാഗമായി വാടകനിരക്ക്‌ വിപണിനിരക്കിനേക്കാൾ പതിന്മടങ്ങായി. മെട്രോയിലെ കച്ചവടം അനാകർഷകമായി. കോവിഡ്‌ കൂടിവന്നതോടെ പലരും കച്ചവടം മതിയാക്കി പോയി.

ഈ സാഹചര്യത്തിലാണ്‌ വ്യാപാരിസമൂഹത്തെ ആകർഷിക്കുന്ന ലേലസമ്പ്രദായം നടപ്പാക്കാൻ തീരുമാനിച്ചത്‌. ഓഫീസ്‌ ആവശ്യത്തിനുള്ള സ്ഥലം 10 വർഷത്തേക്കും കിയോസ്‌കുകൾക്ക്‌ രണ്ടുവർഷം കൂടുമ്പോൾ പുതുക്കിനൽകുന്ന രീതിയുമായിരിക്കും. ഒക്ടോബർ ആദ്യവാരത്തോടെ ലേലം ആരംഭിക്കും.

ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, കളമശേരി, കുസാറ്റ്, ഇടപ്പള്ളി, ജെഎൽഎൻ സ്റ്റേഡിയം, എളംകുളം, വൈറ്റില, തൈക്കൂടം, പേട്ട സ്റ്റേഷനുകളിൽ ചില്ലറവ്യാപാരത്തിനും കിയോസ്കിനുമുള്ള സ്ഥലങ്ങൾ ലഭ്യമാണ്. ആലുവ, പുളിഞ്ചോട്, മുട്ടം, കളമശേരി, പത്തടിപ്പാലം, ഇടപ്പള്ളി, എളംകുളം, വൈറ്റില സ്റ്റേഷനുകളിലായി ഓഫീസ് ആവശ്യത്തിനും സ്ഥലമുണ്ട്‌.

മറ്റു പരിശോധനകളും പൂർത്തിയാക്കിയായിരിക്കും മെട്രോയിൽ സ്ഥലം അനുവദിക്കുക. തടസ്സമില്ലാത്ത വെള്ളവും വൈദ്യുതിയും ഉയർന്ന സുരക്ഷാസംവിധാനവുമാണ്‌ സംരംഭകർക്ക്‌ മെട്രോയുടെ ഓഫർ.  മെട്രോ സ്റ്റേഷന്റെ ഭാഗമാകുന്നതോടെ വ്യാപാരസ്ഥാപനങ്ങളിലേക്ക്‌ എത്തിച്ചേരാൻ എളുപ്പമാകും.

മെട്രോ സ്റ്റേഷനിലെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓഫീസിലേക്കും പുറത്തേക്കും യാത്ര ചെയ്യാൻ മെട്രോ പ്രയോജനപ്പെടുത്താം. ജീവനക്കാർക്ക്‌ പ്രത്യേക പാക്കേജും കാർഡും നൽകാനും പദ്ധതിയുണ്ട്‌. വിശദാംശങ്ങൾ കൊച്ചി മെട്രോ വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും. ഫോൺ: 9611177455, 9496346330.