Tue. Apr 16th, 2024

ഒറ്റപ്പാലം∙

നഗരത്തിൽ വീട്ടമ്മയെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയെന്ന കേസിൽ സഹോദരീപുത്രിയും മകനും അറസ്റ്റിൽ. ആർഎസ് റോഡ് തെക്കേത്തൊടി കദീജ മൻസിലിൽ ഷീജ (44), ഇവരുടെ മകൻ യാസിർ (21) എന്നിവരാണു പിടിയിലായത്. തെക്കേത്തൊടി കദീജ മൻസിലിൽ കദീജ (63) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.

കദീജയുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കൈക്കലാക്കാനുള്ള ശ്രമമാണു ദാരുണമായ കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പകൽ ഷീജയും മകൻ യാസിറും 10 പവനോളം തൂക്കമുള്ള സ്വർണാഭരണങ്ങൾ കൈക്കലാക്കി നഗരത്തിലെ ജ്വല്ലറിയിൽ വിൽപനയ്ക്കു ശ്രമിച്ചിരുന്നു. സംശയം തോന്നിയ ജ്വല്ലറി ഉടമ പൊലീസിനെ അറിയിച്ചതോടെയാണു ശ്രമം പരാജയപ്പെട്ടത്.

ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കദീജ പരാതി ഇല്ലെന്ന് അറിയിച്ചതോടെ വൈകിട്ടു വിട്ടയച്ചു. ഇതേച്ചൊല്ലി രാത്രി വീണ്ടുമുണ്ടായ വാക്കേറ്റമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. കദീജ ദേഹത്ത് അണിഞ്ഞിരുന്നത് ഉൾപ്പെടെ 13 പവൻ തൂക്കമുള്ള സ്വർണാഭരണങ്ങൾ കൈക്കലാക്കി ഇരുവരും പിന്നീടു വീണ്ടും ഇതേ ജ്വല്ലറിയിൽ വിൽക്കാൻ ശ്രമിച്ചു.

ജ്വല്ലറി ഉടമ പൊലീസിനെ അറിയിക്കാൻ ഒരുങ്ങുന്നതിനിടെ രക്ഷപ്പെട്ട ഇരുവരും മണിക്കൂറുകൾക്കകം നഗരത്തിൽ രണ്ടിടങ്ങളിൽ നിന്നായി പിടിയിലായി. സ്വർണം ഇവരിൽനിന്നു വീണ്ടെടുത്തതായി പൊലീസ് അറിയിച്ചു. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണു കദീജയുടെ കൈഞരമ്പു മുറിച്ചതെന്നു വ്യക്തമായതായും അന്വേഷണസംഘം വിശദീകരിച്ചു.

മൃതദേഹം ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഫൊറൻസിക്, സയന്റിഫിക് സംഘങ്ങളും വിരലടയാള വിദഗ്ധരും തെളിവെടുപ്പു പൂർത്തിയാക്കി. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥും സ്ഥലത്തെത്തിയിരുന്നു.

ഷൊർണൂർ ഡിവൈഎസ്പി വി സുരേഷ്, ഒറ്റപ്പാലം പൊലീസ് ഇൻസ്പെക്ടർ വി ബാബുരാജ്, എസ്ഐമാരായ പിഎൽ ജോർജ്, ജേക്കബ് വർഗീസ്, എഎസ്ഐ എംസി രാജശേഖരൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.