Fri. Nov 22nd, 2024
പത്തനംതിട്ട:

ആറന്മുള കരുണാലയത്തിൽ കെയർടേക്കറിന് കോവിഡ് പോസിറ്റീവായിട്ടും മറച്ചുവച്ച സംഭവത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കലക്ടറോട് നിർദേശിച്ചു. ജില്ലയിലെ രണ്ടു വൃദ്ധസദനങ്ങളിൽ കോവിഡ് വ്യാപനമുണ്ടായ സാഹചര്യം വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് മന്ത്രി കലക്ടർക്ക് നിർദേശം നൽകിയത്.

ആറന്മുള കരുണാലയത്തിൽ കഴിഞ്ഞദിവസം ഒരാൾ മരിച്ചതിനെ തുടർന്ന് നടത്തിയ ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് ആണെന്ന്‌ കണ്ടെത്തി. തുടർന്ന് കരുണാലയത്തിലെ 143 അന്തേവാസികളേയും 18 ജീവനക്കാരെയും കോവിഡ് ടെസ്റ്റിനു വിധേയമാക്കി.

അതിൽ 107 അന്തേവാസികൾക്കും ആറു ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. സ്ഥാപനത്തിലെ കെയർടേക്കർ നേരത്തെ ടെസ്റ്റ് ചെയ്തുവെന്നും കോവിഡ് പോസിറ്റീവ് ആയത് സ്ഥാപനത്തിൽ അറിയിച്ചില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. രോഗവിവരം മറച്ചുവച്ചത് വലിയ തെറ്റാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വയലത്തല ഗവ ഓൾഡേജ് ഹോമിൽ 26 അന്തേവാസികൾക്കും ഒരു സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂരിപക്ഷം പേർക്കും കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് ആറന്മുള കരുണാലയവും വയലത്തല ഗവ ഓൾഡേജ് ഹോമും ഇപ്പോൾ സിഎഫ്എൽടിസിയാക്കിയാണ് ചികിത്സ നൽകുന്നത്.

വൃദ്ധസദനങ്ങളിലേയും ബാലസദനങ്ങളിലേയും ജീവനക്കാർ കുറഞ്ഞത് ഏഴു ദിവസമെങ്കിലും വീട്ടിൽ പോകാതെ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യുന്ന രീതിയിലുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം സ്ഥാപനങ്ങളിൽ പുറത്തുനിന്ന് ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ അനുവദിക്കില്ലെന്നും മന്ത്രി നിർദേശിച്ചു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂർ ശങ്കരൻ, കലക്ടർ ദിവ്യ എസ് അയ്യർ, ഡെപ്യൂട്ടി ഡിഎംഒ ഡോ സി എസ് നന്ദിനി എന്നിവർ പങ്കെടുത്തു.