Sun. Apr 28th, 2024
ഇടുക്കി:

കേരളത്തിലെ ചില സ്ഥലങ്ങളുടെ പേരുകൾ കൗതുകം ജനിപ്പിക്കുന്നതായിരിക്കും. പ്രത്യേകിച്ച് ​ഗ്രാമപ്രദേശങ്ങളിലെ സ്ഥലങ്ങൾ. അത്തരത്തിൽ ഉള്ള ഒരു സ്ഥലത്തിന്റെ പേരാണ് ചൂടൻസിറ്റി.

പേര് കേൾക്കുമ്പോൽ തന്നെ മനസ്സിലാകും, ഈ പേരിന് പിന്നിലൊരു കഥയുണ്ടായിരിക്കുമെന്ന്. വളരെ വർഷങ്ങൾക്കു മുമ്പ് ഇവിടെ വാറ്റ് സജീവമായിരുന്നു. ചൂടൻ സാധനം തപ്പിയുള്ള ആളുകളുടെ വരവാണത്രേ ഈ സ്ഥലത്തിന് ഇങ്ങനെയൊരു പേര് വരാൻ കാരണം.

ചൂടു സാധനം കിട്ടിയവർ കൂടുതൽ ചൂടാകാൻ തുടങ്ങിയതോടെ നാട്ടിലും പ്രശ്നങ്ങളുണ്ടായി. അങ്ങനെ മൊത്തത്തിൽ ചൂടായ സ്ഥലത്തിന് ചൂടൻ സിറ്റി (പുന്നയാർ) യെന്ന് പേരും വന്നുവെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. കഞ്ഞിക്കുഴി- വണ്ണപ്പുറം റോഡിൽ പഴയരിക്കണ്ടതിന് തൊട്ടുമുമ്പ് വട്ടോംപാറയിൽ നിന്ന് തിരിഞ്ഞ് പോയാൽ പുന്നയാർ വെള്ളച്ചാട്ടം. അവിടെ നിന്ന് ചൂടൻ സിറ്റിയിലേക്ക് പോകാം.

ഇടുക്കി ജില്ലയിൽ ഒത്തിരി സിറ്റിയുണ്ടെങ്കിലും പേരിൽ ഈ സിറ്റി വേറിട്ടു നിൽക്കുന്നു. കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ചൂടൻ സിറ്റി എന്ന പേര് വൈറലായിക്കൊണ്ടിരിക്കുകയാണ്.