Mon. Dec 23rd, 2024

കൊച്ചി∙

സംസ്ഥാനത്തു പുതുതായി ആരംഭിക്കുന്ന 750 കോടി മുതൽമുടക്കുള്ള മെഡിക്കൽ സംരംഭത്തിൽ കമ്മിഷൻ വാഗ്ദാനം ചെയ്തു ഡോക്ടറിൽനിന്നു പണം തട്ടിയ 5 യുവാക്കൾ പിടിയിൽ. കണ്ണൂർ മട്ടന്നൂർ റുവൈസ് (31), പറളി സ്വദേശി ഇല്ല്യാസ് (30), കോട്ടാരി സ്വദേശി അസീൽ (28), കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ സനൂപ് അലിയാർ (30), ഫൈസൽ (29) എന്നിവരാണു നോർത്ത് പൊലീസിന്റെ പിടിയിലായത്.

ഉടൻ ആരംഭിക്കുന്ന മെഡിക്കൽ സംരംഭത്തിൽ പ്രമുഖ വ്യവസായി 750 കോടി രൂപ നിക്ഷേപിക്കുകയാണെന്നു കാട്ടിയാണു പ്രതികൾ ദേശാഭിമാനി റോഡിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചത്. മെഡിക്കൽ സംരംഭത്തിനായി രോഗികളുടെ വിവരങ്ങൾ അടങ്ങിയ 10 കോടി രൂപ ചെലവു വരുന്ന സോഫ്റ്റ്‌വെയർ തയാറാക്കുന്നുണ്ടെന്നും ഇതിൽ 9.48 കോടി രൂപ തങ്ങൾ നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രതികൾ ഡോക്ടറെ അറിയിച്ചു.

വിശ്വാസം വരാൻ പണം നിക്ഷേപിച്ചതിന്റെ രേഖകളും കാണിച്ചു. ബാക്കി 52 ലക്ഷം രൂപ ഡോക്ടർ നൽകിയാൽ 750 കോടി രൂപയുടെ 10% നൽകാമെന്നായിരുന്നു പ്രതികളുടെ വാഗ്ദാനം.

52 ലക്ഷം രൂപ വാങ്ങിപ്പോയ പ്രതികളെപ്പറ്റി പിന്നീടു വിവരമൊന്നും ലഭിക്കാതായതോടെ ഡോക്ടർ നോർത്ത് പൊലീസിനു പരാതി നൽകുകയായിരുന്നു. പ്രതികൾ പണം കൈപ്പറ്റാൻ വന്ന സമയത്തുപയോഗിച്ച കാറിന്റെ ഉടമയെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തതോടെയാണു പ്രതികളെപ്പറ്റി സൂചന ലഭിച്ചത്.

തന്റെ സുഹൃത്തായ റുവൈസിനു കുറച്ചു ദിവസത്തേക്കു കാർ ഉപയോഗിക്കാൻ നൽകിയിരുന്നതായി ഉടമ സമ്മതിച്ചു. തുടർന്ന് ഇടപ്പള്ളിയിലുള്ള ഹോട്ടലിൽനിന്ന് റുവൈസിനെയും പിന്നീടു മറ്റു പ്രതികളെയും പിടികൂടുകയിരുന്നു.