ഒറ്റപ്പാലം∙
നഗരസഭാപരിധിയിൽ മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ തള്ളുന്നവർക്കെതിരെ നടപടികൾ കർശനമായി തുടരുമ്പോഴും നിയമലംഘനത്തിനു കുറവില്ല. പത്തൊൻപതാം മൈലിൽ പാതയോരത്തു മാലിന്യങ്ങൾ തള്ളുന്നതു ശിക്ഷാർഹമാണെന്ന് അറിയിച്ചു നഗരസഭ സ്ഥാപിച്ച ബോർഡിനു താഴെ മാലിന്യങ്ങൾ നിറയുകയാണ്. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നിരീക്ഷണവും നടപടിയും ശക്തമായി തുടരുന്നതിനിടെയാണിത്.
പുറത്തുനിന്നു വാഹനങ്ങളിൽ കൊണ്ടുവന്നു തള്ളിയതാണെന്നാണ് സംശയം. ഇന്നലെ രാവിലെ കാണപ്പെട്ട മാലിന്യങ്ങൾ പിന്നീടു ശുചീകരണ തൊഴിലാളികൾ എത്തി നീക്കി. ഇവിടെ 2 ഷിഫ്റ്റുകളായി 2 വീതം ജീവനക്കാരെ നഗരസഭ നിയോഗിക്കും.
ചെറിയ പൂന്തോട്ടം ഒരുക്കി സൗന്ദര്യവൽക്കരണത്തിനും ആലോചനയുണ്ട്. പത്തൊൻപതാം മൈലിൽ ഉൾപ്പെടെ പാതയോരത്തു മാലിന്യങ്ങൾ തള്ളിയതിനു കഴിഞ്ഞ ദിവസങ്ങളിൽ 11 പേർക്കെതിരെയാണു നഗരസഭ പിഴ ചുമത്തിയത്. മാലിന്യ സംസ്കരണ നടപടികളിൽ ദേശീയ ഹരിത ട്രൈബ്യൂണൽ അസംതൃപ്തി അറിയിച്ചതിനു പിന്നാലെയാണു നിരീക്ഷണവും നടപടിയും.
നിയമലംഘനം കണ്ടെത്തിയാൽ 2000 മുതൽ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കും. പ്ലാസ്റ്റിക്, കുപ്പി, കടലാസ് ഉൾപ്പെടെ അജൈവ മാലിന്യങ്ങൾ വേർതിരിച്ചു സൂക്ഷിച്ച് ഹരിത കർമസേനയ്ക്കു കൈമാറണമെന്നും ജൈവ മാലിന്യങ്ങൾ സ്വന്തം നിലയിൽ ഉറവിടങ്ങളിൽ സംസ്കരിക്കണമെന്നുമാണു നഗരസഭയുടെ നിർദേശം.