Tue. Nov 5th, 2024
കൊട്ടാരക്കര:

സോഫ്റ്റ് വെയർ എൻജിനീയറുടെ കുവൈത്ത് യാത്രയിൽ അവസാന നിമിഷം വരെ ‘സസ്പെൻസ് നിറച്ച്’ ആരോഗ്യ വകുപ്പിന്റെ അനാസ്ഥ. പിശകുകൾ കൊണ്ടു നിറഞ്ഞ ആർടിപിസിആർ പരിശോധന ഫലവുമായി എത്തിയ യുവാവിനു യാത്രാനുമതി നിഷേധിക്കപ്പെട്ടപ്പോൾ നഷ്ടമായത് ടിക്കറ്റ് തുകയായ 1,46000 രൂപ!

ഒടുവിൽ രണ്ടാമതും പരിശോധന നടത്തി വീസ കാലാവധി തീരുന്ന ദിവസമാണ് യുവാവ് കുവൈത്തിലേക്കു വിമാനം കയറിയത്. കരീപ്ര സ്വദേശിയായ യുവാവിനാണ് ആശങ്കയുടെ യാത്ര ആരോഗ്യ വകുപ്പ് അധികൃതർ സമ്മാനിച്ചത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം.

അവധിക്ക് നാട്ടിലെത്തിയ യുവാവിന് തിരികെ പോകാൻ കോവിഡ് നിയന്ത്രണങ്ങൾ മൂലം വീസ കാലാവധിയുടെ അവസാനദിവസങ്ങൾ വരെ കാത്തിരിക്കേണ്ടിവന്നു. യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂർ മുൻപു ഐസിഎംആർ പട്ടികയിലുള്ള ലാബിൽ നിന്ന് നടത്തിയ ആർടിപിസിആർ പരിശോധന ഫലം വേണമെന്നാണു ചട്ടം.

ജില്ലയിൽ ഒരേയൊരു സർക്കാർ ആശുപത്രി മാത്രമാണ് ഐസിഎംആർ ലിസ്റ്റിൽ ഉണ്ടായിരുന്നത്. അവിടെ എത്തി പരിശോധന നടത്തി. യാത്രയ്ക്ക് ഏതാനും മണിക്കൂറുകൾ മുൻപ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ലഭിച്ചു.

റിപ്പോർട്ട് പരിശോധിച്ചപ്പോഴാണ് കളി കാര്യമായത്! വിലാസം മുതൽ രേഖപ്പെടുത്തിയിട്ടുള്ള മിക്ക വിവരങ്ങളിലും നിറയെ തെറ്റ്. കൂടാതെ പാസ്പോർട്ട് വിവരങ്ങളും ചേർത്തിരുന്നില്ല.

ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സർട്ടിഫിക്കറ്റ് എഡിറ്റ് ചെയ്യാനായിരുന്നു നിർദേശം. സർട്ടിഫിക്കറ്റ് തിരുത്തിയാൽ ക്രിമിനൽ കുറ്റമാകും. ലഭിച്ച സർട്ടിഫിക്കറ്റുമായി യാത്രയ്ക്ക് എത്തിയ യുവാവിനെ വിമാനത്താവളത്തിൽ നിന്നു മടക്കി അയച്ചു.

പിന്നീട് നെട്ടോട്ടമായിരുന്നു. തിരുവ‍നന്തപുരത്തെ മറ്റൊരു ലാബിൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നേടി. കാര്യമായ ലഗേജ് പോലും എടുക്കാതെ വിമാനത്താവളത്തിലേക്കുള്ള ഓട്ടമായിരുന്നു. കുവൈത്തിലെത്തി ജോലിയിൽ പ്രവേശിച്ച യുവാവ് നിയമ നടപടിക്ക് ഒരുങ്ങുകയാണ്.