Wed. May 8th, 2024
തിരുവനന്തപുരം:

കേരളത്തിലെ ഏക സൈനിക്​ സ്കൂളായ കഴക്കൂട്ടം സൈനിക്​ സ്കൂളിൽ പ്രവേശന പരീക്ഷ വിജയിച്ച പെൺകുട്ടികളുടെ ആദ്യ ബാച്ച് തുടങ്ങി. 1962ൽ സ്ഥാപിതമായതിനുശേഷം ആദ്യമായാണ്​ പെൺകുട്ടികൾക്ക് ഇവിടെ പഠനസൗകര്യമൊരുങ്ങുന്നത്​.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്പെഷൽ അസംബ്ലിയിൽ ആദ്യ ബാച്ചിലെ കേരളത്തിൽ നിന്നുള്ള ഏഴ്​ പെൺകുട്ടികളെയും ബിഹാറിൽ നിന്നുള്ള രണ്ട്​ പെൺകുട്ടികളെയും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു പെൺകുട്ടിയെയും സൈനിക്​ സ്കൂൾ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു.
പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ കുട്ടികളെ അഭിസംബോധന ചെയ്തു. പെൺകുട്ടികളെ വരവേൽക്കുന്നതിനായി കഴിഞ്ഞ ഒരു വർഷമായി സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ആരംഭിച്ചിരുന്നു.

പുതിയ കെട്ടി​ടത്തി​​ൻെറയും ഡോർമിറ്ററിയുടെയും നിർമാണം ഈ അക്കാദമിക് വർഷത്തിനു മുമ്പുതന്നെ പൂർത്തിയാക്കാനായി. 2018-19 അക്കാദമിക് വർഷത്തിൽ മിസോറം സൈനിക് സ്കൂൾ സൊസൈറ്റിയാണ്​ പെൺകുട്ടികൾക്ക്​ ആദ്യമായി പ്രവേശനം അനുവദിച്ചത്​. ഇത്​ വിജയകരമായ സാഹചര്യത്തിലാണ്​ കഴക്കൂട്ടത്തും പെൺകുട്ടികൾക്ക്​ പ്രവേശനം അനുവദിച്ചത്​.