Mon. Dec 23rd, 2024
തിരുവല്ല:

എല്ലാവരെയും ഉൾക്കൊള്ളിച്ച് സുസ്ഥിരവും വികസിതവുമായ നവകേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബിയിൽ ഉൾപ്പെടുത്തി 17 കോടി രൂപ ചെലവിൽ ഉന്നതനിലവാരത്തിൽ നിർമാണം പൂർത്തീകരിച്ച കാവുംഭാഗം–ഇടിഞ്ഞില്ലം റോഡ്‌ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

റോഡിനുവേണ്ടി ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന രണ്ടേക്കർ സ്ഥലം സൗജന്യമായി നൽകിയ റോഡിന്റെ ഇരുവശങ്ങളിലുമുള്ള ജനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. മാവേലിക്കര–അമ്പലപ്പുഴ റോഡുകളിൽ നിന്നും വരുന്ന വാഹനങ്ങൾ കാവുംഭാഗത്തു നിന്ന് തിരിഞ്ഞ് തിരുവല്ല ടൗണിലെത്താതെ എം സി റോഡിലെ ഇടിഞ്ഞില്ലത്ത് എത്തി ചേരുന്ന സമാന്തര ബൈപാസാണിതെന്ന് മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു.

ഇത് മൂലം തിരുവല്ല ടൗണിലെ ഗതാഗതക്കുരുക്ക് വളരെയേറെ പരിഹരിക്കപ്പെട്ടു. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി.

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രലേഖ, തിരുവല്ല നഗരസഭാ ചെയർമാൻ ബിന്ദു ജയകുമാർ, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ്‌ മാത്തൻ ജോസഫ്, ജില്ലാ പഞ്ചായത്തംഗം ഡാലിയ സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം സോമൻ താമരച്ചാലിൽ, ശർമ്മിള സുനിൽ, സിപിഐ എം തിരുവല്ല ഏരിയ സെക്രട്ടറി അഡ്വ ഫ്രാൻസിസ് വി ആന്റണി, എൻ എം രാജു, എൽഡിഎഫ്‌ ജില്ലാ കൺവീനർ അലക്സ് കണ്ണമല, വിക്ടർ ടി തോമസ്, ജിജി വട്ടശേരിൽ, റെയ്ന ജോൺസ് ബർഗ് എന്നിവർ സംസാരിച്ചു.