മട്ടാഞ്ചേരി:
കൊച്ചി നഗരസഭയിൽ യുഡിഎഫിന് തിരിച്ചടിയായി കോൺഗ്രസ് വിമതയായി സിഎംപി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച കൗൺസിലർ ഇടതിനൊപ്പം ചേർന്നു. നഗരസഭ 22ാം ഡിവിഷനിൽനിന്ന് (മുണ്ടംവേലി) വിജയിച്ച മേരി കലിസ്റ്റ പ്രകാശനാണ് ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നത്. ഇവരുടെ ഭർത്താവും മുൻ കൗൺസിലറുമായിരുന്ന കെജെ പ്രകാശൻ ഉൾപ്പെടെയുള്ളവരാണ് എൽഡിഎഫിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി തോപ്പുംപടിയിൽ നടന്ന വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയത്.
കോൺഗ്രസ് വിമതയായി മത്സരിച്ച മേരി കലിസ്റ്റക്ക് സിഎംപി പിന്തുണ നൽകുകയായിരുന്നു. വിജയിച്ച ശേഷം യുഡിഎഫ് നേതൃത്വം തങ്ങളെ സമീപിച്ചപ്പോൾ ഒരു ഉപാധിയുമില്ലാതെയാണ് പിന്തുണ നൽകിയിരുന്നതെന്നും എന്നാൽ, ഡിവിഷനിലെ കോൺഗ്രസ് പ്രവർത്തകർ നേതാക്കളുടെ അറിവോടെ മാനസികമായി പീഡിപ്പിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്യുന്നതായി ഇവർ ആരോപിച്ചു.
ഈ സാഹചര്യത്തിലാണ് എൽഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും വ്യക്തമാക്കി. നിലവിൽ 74 അംഗ കൗൺസിലിൽ ഇതോടെ 38 പേരുടെ പിന്തുണ എൽഡിഎഫിനായി. എന്നാൽ, എൽഡിഎഫിന്റെ അംഗമായ 63ാം ഡിവിഷൻ കൗൺസിലറായിരുന്ന ശിവന്റെ മരണത്തെതുടർന്ന് ഇവിടെ തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്.
രണ്ട് യുഡിഎഫ് വിമതരുടെയും ഒരു എൽഡിഎഫ് വിമതന്റെയും പിന്തുണയോടെയാണ് നഗരസഭ എൽഡിഎഫ് ഭരിക്കുന്നത്. മേരി കലിസ്റ്റയുടെ പിന്തുണ എൽഡിഎഫിന് കൂടുതൽ ആശ്വാസമാകും. എൽഡിഎഫിന് പിന്തുണ നൽകിയ മേരി കലിസ്റ്റയെയും സഹപ്രവർത്തകരെയും കെജെ മാക്സി എംഎൽഎ, നഗരസഭ എൽഡിഎഫ് പാർലമെൻററി സെക്രട്ടറി കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ് എന്നിവർ ഷാളണിയിച്ച് സ്വീകരിച്ചു.