വൈക്കം:
ആർക്കും വേണ്ടാതെ ഉപേക്ഷിച്ചിരുന്ന ചകിരിച്ചോറിന് കയറിനെക്കാൾ പ്രിയമേറി. പഴയകാലത്ത് കയർ സഹകരണ സംഘങ്ങളുടെ വളപ്പിലും തൊണ്ട് തല്ലി ചകിരിയാക്കുന്ന സ്ഥലങ്ങളിലും ഉപയോഗ ശൂന്യമായി കിടന്ന ചകിരിച്ചോറിന് ആവശ്യക്കാർ ഏറിയതോടെ പദവി ഉയർന്നു.
കോഴി കർഷകർ അറക്കപ്പൊടിക്കു പകരം ചകിരിച്ചോർ ഉപയോഗിച്ചു തുടങ്ങിയതും ജനങ്ങൾ ജൈവ കൃഷിയോടു കൂടുതൽ ആഭിമുഖ്യം കാട്ടിത്തുടങ്ങിയതുമാണ് ചകിരിച്ചോറിനു പ്രിയമേറാൻ കാരണം.
കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ കയർ സഹകരണ സംഘത്തിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും അന്നം മുട്ടാതെ കാത്തതിൽ ചകിരിച്ചോറിനും വലിയ പങ്കുണ്ട്. വൈക്കം കയർ മാറ്റ് ആൻഡ് മാറ്റ്സ്, ടിവി പുരം, പറക്കാട്ടുകുളങ്ങര, അക്കരപ്പാടം, മറവൻതുരുത്ത്, ചെമ്മനാകരി, വെച്ചൂർ തുടങ്ങിയ കയർ സഹകരണ സംഘങ്ങൾ സമീപകാലത്ത് ലക്ഷക്കണക്കിനു രൂപ വിലയുള്ള ചകിരിച്ചോറുകൾ വിറ്റഴിച്ചതായി സംഘം ഭാരവാഹികൾ പറഞ്ഞു.
3 കിലോയുടെ ഒരു ബാഗിന് 75 രൂപ നിരക്കിൽ വിറ്റഴിക്കാൻ സാധിക്കുന്നതായി കയർ മാറ്റ് ആൻഡ് മാറ്റിങ്സ് പ്രസിഡന്റ് അക്കരപ്പാടം ശശി പറഞ്ഞു. മറ്റു സംസ്ഥാനങ്ങൾ, ചെടികളും പച്ചക്കറിത്തൈകളും വിൽക്കുന്ന നഴ്സറികൾ, കോഴി ഫാം എന്നിവിടങ്ങളിലേക്കാണ് കൂടുതലായും ചകിരിച്ചോർ കയറിപ്പോകുന്നത്.
പണ്ട് ഇതു കളയാൻ ഇടമില്ലാതെ കുന്നു കൂടുമ്പോൾ ഇരുളിന്റെ മറവിൽ വേമ്പനാട്ടു കായലിന്റെ തീരത്തു കൊണ്ടുപോയി കളഞ്ഞിരുന്നതായി പഴയകാല കയർ തൊഴിലാളികൾ പറയുന്നു.
TAGS: