കൊല്ലങ്കോട്:
കാണാതായ ചപ്പക്കാട് സ്വദേശികൾക്കായി കിണറുകളിൽ പരിശോധന നടത്തണമെന്ന് നാട്ടുകാർ. ആഗസ്റ്റ് 30ന് രാത്രി പത്ത് മുതൽ കാണാതായ സാമുവൽ (സ്റ്റീഫൻ -28), മുരുകേശൻ (28) എന്നിവരെ കണ്ടെത്താൻ സിഐ വിപിൻദാസ് പന്തപ്പാറയിൽ വിളിച്ച യോഗത്തിലാണ് കിണറുകൾക്കകത്ത് പരിശോധന നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടത്. യുവാക്കളെ കണ്ടെത്താൻ നാട്ടുകാരുടെ സഹായവും വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജലാശയങ്ങളിൻ പരിശോധന നടത്തണമെന്നും കള്ളുചെത്തുന്ന തോട്ടങ്ങളിലെല്ലാം തിരച്ചിൽ ഊർജിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഡോഗ് സ്ക്വാഡ്, ഡ്രോൺ കാമറ, വനം, പൊലീസ് എന്നിവ സംയുക്തമായി നടത്തിയ തിരച്ചിലിൽ ഇതുവരെ ഒന്നും കണ്ടെത്താൻ സാധിക്കാത്തതിനാൽ ആറാം ദിവസവും തിരച്ചിൽ തുടർന്നതായി കൊല്ലങ്കോട് പൊലീസ് പറഞ്ഞു.
തമിഴ്നാട് ആനമല പൊലീസും വനം വകുപ്പും തിരച്ചിൽ നടത്തിയും ഫലമുണ്ടായിട്ടില്ല. ചപ്പക്കാട് ആദിവാസി കോളനിയിലെ വീട്ടിൽനിന്ന് 30ന് രാത്രി 10ന് തോട്ടത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവാക്കളുടെ ഫോൺ പത്തരയോടെ സ്വിച്ച് ഓഫാണെന്ന വിവരമാണ് ലഭിച്ചതെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.