കൽപറ്റ:
അതിർത്തികടക്കുന്ന മലയാളികൾക്ക് കർണാടക നിർബന്ധിത ഏഴു ദിവസ ക്വാറൻറീൻ ഏർപ്പെടുത്തിയതോടെ ദുരിതക്കയത്തിലായി കർഷകർ. കർണാടകയിൽ ഇഞ്ചി, പച്ചക്കറി, വാഴ തുടങ്ങിയവ കൃഷിചെയ്യുന്ന മലയാളികളാണ് സർക്കാർ തീരുമാനത്തിൽ വലയുന്നത്.ജില്ലയിൽനിന്നുള്ള 2500ൽ അധികം കർഷകർ കർണാടകയിൽ കൃഷിചെയ്യുന്നുണ്ട്.
അതിർത്തി ഗ്രാമങ്ങളിലെ നിരവധി തൊഴിലാളികളും കർണാടകയിലെ തോട്ടങ്ങളിൽ തൊഴിലെടുത്താണ് ഉപജീവനം കഴിക്കുന്നത്. ഇവർക്കും സർക്കാർ തീരുമാനം തിരിച്ചടിയായി. കോടിക്കണക്കിന് രൂപയാണ് കർഷകർ കർണാടകയിൽ കൃഷിക്കായി നിക്ഷേപിച്ചിരിക്കുന്നത്.
കൃഷിയിടത്തിൽ പോവുന്നത് തടസ്സപ്പെട്ടാൽ വൻ നഷ്ടമാണ് ഓരോരുത്തരും നേരിടേണ്ടിവരുകയെന്ന ആശങ്കയിലാണ് കർഷകർ.തരിശുഭൂമിയുടെയും ജലത്തിൻറെയും തൊഴിലാളികളുടെയും ലഭ്യത, കാർഷികവൃത്തിക്ക് സൗജന്യ വൈദ്യുതി തുടങ്ങിയവയാണ് മലയാളികളെ ഇതര സംസ്ഥാനങ്ങളിൽ കൃഷിയിറക്കാൻ പ്രേരിപ്പിക്കുന്നത്.മൂന്ന് മുതൽ 100 ഏക്കറിന് മുകളിൽവരെ കൃഷി ചെയ്യുന്നവരുണ്ട്.
ഒരു ഏക്കർ കൃഷിക്ക് ആറ് ലക്ഷം രൂപയോ അതിന് മുകളിലോ മുതൽമുടക്കിയാണ് ഓരോ തവണയും കൃഷിചെയ്യുന്നത്. ആ ഇനത്തിൽ ഓരോ വർഷവും 5000 മുതൽ 10,000 കോടി രൂപക്ക് മുകളിലാണ് വിവിധ സംസ്ഥാനങ്ങളിലായി മലയാളി കർഷകർ ചെലവഴിക്കുന്നത്. ഇതിൽ 90 ശതമാനത്തിൽ അധികം കർഷകരും കർണാടകയുടെ വിവിധ ഇടങ്ങളിലാണ് കൃഷി.
ആയിരക്കണക്കിന് കർണാടക സ്വദേശികൾക്ക് മലയാളികൾ തൊഴിൽ നൽകുന്നുമുണ്ട്.രണ്ട് വർഷക്കാലമായി കൊവിഡ് മഹാമാരിയും കൃഷിനാശവും വിലത്തകർച്ചയുംമൂലം നിരവധി കർഷകർ ആത്മഹത്യയുടെ വക്കിലാണ്. ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റും ജില്ല ഭരണകൂടം അനുവദിക്കുന്ന പാസും ഉള്ള കർഷകർക്കും നിർബന്ധിത സർക്കാർ ക്വാറൻറീൻ ഏർപ്പെടുത്തിയതിലാണ് കർഷകരുടെ പ്രതിഷേധം.
വിവിധ കൃഷികളുടെ വിളവെടുപ്പ് അടക്കം നടക്കുന്ന സാഹചര്യത്തിൽ ക്വാറൻറീൻ ഇല്ലാതെ മറ്റ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൃഷിയിടത്തിൽ പോയിവരുന്നതിനുള്ള സാഹചര്യം ഒരുക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.ഈ ആവശ്യം ഉന്നയിച്ച് കർഷക കൂട്ടായ്മയായ നാഷനൽ ഫാർമേഴ്സ് െപ്രാഡ്യൂസർ ഓർഗനൈസേഷൻ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിക്കും ജില്ല കലക്ടർക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഇരുസംസ്ഥാന സർക്കാറുകളിൽനിന്നും അനുകൂല തീരുമാനമുണ്ടാവുമെന്നാണ് കർഷകരുടെ പ്രതീക്ഷ.