Sat. Nov 23rd, 2024

കൊച്ചി:

തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സൺ രാജിവെക്കുംവരെ സമരവുമായി മുന്നോട്ടു പോകാൻ ഇടതു മുന്നണി തീരുമാനം. ഓഫീസ് ക്യാബിന്റെ പൂട്ട് പൊളിച്ച് അധ്യക്ഷ അകത്തു കടന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ പൊലീസിൽ പരാതി നൽകിയെന്നും പ്രതിപക്ഷത്തെ നേതാക്കൾ പറഞ്ഞു.

സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ഇടതുമുന്നണി നിലപാട്. കൗൺസിലർമാർക്ക് പണക്കിഴി നൽകിയെന്ന ആരോപണത്തിൽ ചെയർപേഴ്സൺ രാജി വെക്കണമെന്നും അത് വരെ സമരം തുടരുമെന്നും സിപിഎം തീരുമാനിച്ചു. കാക്കനാട് സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.

പ്രതിപക്ഷത്തിന്റെ ഓഫിസ് ഉപരോധത്തിന് പിന്നാലെ ഇന്നലെ നഗരസഭയിലെത്തിയ അധ്യക്ഷയ്ക്ക് പൂട്ട് തകരാറിലായതിനാൽ ഓഫിസിൽ കടക്കാനായിരുന്നില്ല. രാത്രി ഏഴുമണിയോടെ പൂട്ട് തകർത്തു അധ്യക്ഷ അജിത തങ്കപ്പൻ അകത്തു കയറുകയായിരുന്നു. അറ്റകുറ്റപ്പണിക്കിടെ പൊട്ടിയ ഗ്ലാസും മാറ്റിയിട്ടു.

ഇതോടൊപ്പം നഗരസഭാ സെക്രട്ടറി പതിച്ച നോട്ടീസും  നീക്കി. ഇത് നിയമവിരുദ്ധമെന്ന് കാട്ടിയാണ് ഇടതുപക്ഷം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പൊലീസിനെയും തദ്ദേശ ഭരണ ഡയറക്ടറെയും അറിയിച്ച ശേഷം നഗരസഭാ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് പൂട്ട് പൊളിച്ച്  അകത്ത് കയറിയതെന്നാണ് നഗരസഭാധ്യക്ഷയുടെ നിലപാട്.