Sun. Jan 19th, 2025
കൊല്ലം:

​ഗ്രാമങ്ങളിൽ ശുചിത്വം ഉറപ്പാക്കി ജില്ലയിലെ പഞ്ചായത്തുകളെ സമ്പൂർണ വെളിയിട വിസർജന വിമുക്ത (ഒഡിഎഫ് പ്ലസ്)പദവിയിലേക്ക് ഉയർത്താൻ ശുചിത്വ മിഷൻ. പഞ്ചായത്തുകൾക്ക് ഒഡിഎഫ് പ്ലസ് പദവി നൽകുന്നതിന്റെ ഭാ​ഗമായുള്ള പഞ്ചായത്തുതല സമിതിയുടെ പരിശോധന 10 മുതൽ 20വരെ നടക്കും.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ചെയർമാനും ജനറൽ എക്‌സ്റ്റൻഷൻ ഓഫീസർ കൺവീനറും പെർഫോമൻസ് ഓ‍ഡിറ്റ് യൂണിറ്റ് സൂപ്രണ്ട്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ എന്നിവർ അം​ഗങ്ങളുമായ സമിതിയാണ് പഞ്ചായത്തുകളിൽ പരിശോധന നടത്തുക.

നിരീക്ഷണത്തിനായി കലക്ടർ ചെയർമാനും ശുചിത്വ മിഷൻ ജില്ലാ കോ-ഓർ‌ഡിനേറ്റർ കൺവീനറും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ഹരിതകേരളം മിഷൻ കോ-ഓർഡിനേറ്റർ എന്നിവർ അംഗങ്ങളുമായ ജില്ലാതല മോണിറ്ററിങ്‌ സമിതിയുമുണ്ട്. മാനദണ്ഡങ്ങൾ ഉറപ്പാക്കിയ പഞ്ചായത്തുകൾക്ക് ഒഡിഎഫ് പ്ലസ് പദവി നൽകും.

നിലവിൽ കുലശേഖരപുരം പഞ്ചായത്തിന് ജില്ലയിൽ ഒഡിഎഫ് പ്ലസ് പദവി ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഒക്ടോബർ രണ്ടിന് മുമ്പ്‌ ജില്ലയിൽ 20 പഞ്ചായത്തുകളെ ഈ പദവിയിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് ശുചിത്വമിഷൻ ജില്ലാ കോ–ഓർഡിനേറ്റർ എൻ പ്രദീപ് പറഞ്ഞു.

ഒഡിഎഫ് പ്ലസ് ശുചിത്വം കേന്ദ്രസർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ രണ്ടാം​ഘട്ടമായാണ് ശുചിത്വമിഷൻ ഒഡിഎഫ് പ്ലസ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമീണ മേഖലയിലെ ഖരമാലിന്യ സംസ്കരണം മെച്ചപ്പെടുത്തി ശുചിത്വ ഗ്രാമങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. നേട്ടം കൈവരിച്ചില്ലെങ്കിൽ കേന്ദ്രധന കമീഷന്റെയോ സംസ്ഥാന സർക്കാരിന്റെയോ ഗ്രാന്റ് തദ്ദേശ സ്ഥാപനങ്ങൾക്കു ലഭിക്കില്ല.

ഒക്ടോബർ രണ്ടിനു മുമ്പ് സംസ്ഥാനത്തെ 500 വില്ലേജിലെ 300 പഞ്ചായത്ത് ഒഡിഎഫ് പ്ലസായി പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്. പദവി കിട്ടാൻ എല്ലാ വീട്ടിലും ഉപയോ​​ഗ യോ​ഗ്യമായ ശൗചാലയങ്ങൾ ഉറപ്പാക്കുക ​ഗ്രാമങ്ങളിൽ പൊതുശൗചാലയം കൃത്യമായ പരിപാലനത്തോടെ ഉറപ്പാക്കുക, സ്കൂളുകൾ, പഞ്ചായത്ത് ആസ്ഥാനങ്ങൾ, അങ്കണവാടികൾ എന്നിവയിൽ സ്ത്രീയ്ക്കും പുരുഷനും പ്രത്യേകം ശൗചാലയങ്ങൾ, പൊതുഇടങ്ങൾ വൃത്തിയുള്ളതും മലിനജലം കെട്ടിനിൽക്കാതെയും പ്ലാസ്റ്റിക് കൂമ്പാരങ്ങൾ ഇല്ലാതെയും സംരക്ഷിക്കുക, ചുരുങ്ങിയത് 80 ശതമാനം വീടുകളിലും എല്ലാ സ്കൂളുകളിലും അങ്കണവാടികളിലും ജൈവ, ദ്രവമാലിന്യം സംസ്കരിക്കുന്നതിനുള്ള സൗകര്യങ്ങൾ, ​ഗ്രാമത്തിൽ പ്ലാസ്റ്റിക് തരംതിരിക്കുന്നതിനും അത് ശേഖരിക്കുന്നതിനും സംവിധാനം, മാലിന്യ സംസ്കരണ ബോധവൽക്കരണ സന്ദേശം പ്രദർശിപ്പിക്കൽ എന്നിവയാണ്.