Thu. Apr 18th, 2024
ഇടുക്കി:

കമ്പംമേട് പൊലീസ് സ്‌റ്റേഷനില്‍ മദ്യപിച്ചെത്തിയ കോണ്‍ഗ്രസ് നേതാവിന്റെയും കൂട്ടാളികളുടേയും അഴിഞ്ഞാട്ടം. സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ കയറി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് കോണ്‍ഗ്രസ് കരുണാപുരം മണ്ഡലം കമ്മറ്റിയുടെ മുന്‍ പ്രസിഡന്റ് ഷൈജന്‍ ജോര്‍ജും കൂട്ടാളികളായ കുമ്പളന്താനത്ത് റോയിയും ബിനുവും പൊലീസ് കസ്റ്റഡിയിലായത്. കമ്പംമേട് മൂങ്കിപ്പളം സ്വദേശിയായ അപ്പുവിന്റെ വീട്ടിലെത്തിയാണ് ഇവര്‍ ഭീഷണിമുഴക്കിയത്.

വ്യാജ രേഖ ചമച്ച് സ്വകാര്യ വ്യക്തിയുടെ ഭൂമി കൈയേറാന്‍ ശ്രമം നടന്നതായും പരാതിയുണ്ട്. അപ്പുവിന്റെ വീട്ടിലെത്തി വധ ഭീഷണി മുഴക്കി. മദ്യലഹരിയിലായിരുന്നു പ്രതികള്‍.

മാരകായുധങ്ങളുമായാണ് ഇവര്‍ പരാതിക്കാരന്റെ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് കമ്പംമേട് പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു. സ്റ്റേഷനില്‍ എത്തിയ ശേഷവും പ്രതികള്‍ അസഭ്യ വര്‍ഷം തുടര്‍ന്നു.

അപ്പുവിന്റെ ഉടമസ്ഥതിയിലുള്ള ഭൂമി ഷൈജന്‍ പാട്ടത്തിനെടുത്തിരുന്നു. എന്നാല്‍ പാട്ടതുകയോ കരാര്‍ പ്രകാരം ഉള്ള വിളവിന്റെ വിഹിതമോ നല്‍കാന്‍ തയ്യാറായില്ല. അപ്പു ഭൂമി തിരികെ ആവശ്യപെട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.

ഭൂമി സ്വന്തമാക്കാനായി ഷൈജന്‍ വ്യാജ രേഖ ചമച്ചതായും പരാതി ഉണ്ട്. വ്യാജ രേഖ ചമച്ച് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപെട്ട് അപ്പു കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. വധ ഭീഷണി മുഴക്കിയ സംഭവത്തില്‍ കമ്പംമേട് പൊലീസ് കേസെടുത്തു. അതേസമയം പ്രതികളെ സംരക്ഷിയ്ക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നാണ് പരാതിക്കാരന്റെ ആരോപണം.