Fri. May 3rd, 2024
നെടുങ്കണ്ടം:

കല്ലാറിലുണ്ട് കാടുമൂടിയ ഓപ്പൺ സ്റ്റേജ്. ഡിടിപിസിയുടെ ഉടമസ്ഥതയിലുള്ള ഓപ്പൺ സ്റ്റേജ് അതിഥിത്തൊഴിലാളികളുടെ മുടിവെട്ടുകേന്ദ്രമാണ്. കല്ലാറിലുള്ള ഡിടിപിസിയുടെ ടൂറിസ്റ്റ് അമിനിറ്റി സെന്ററും ഓപ്പൺ സ്റ്റേജുമാണു വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്.

കുമളി– മൂന്നാർ സംസ്ഥാനപാതയിലൂടെ എത്തുന്ന വിനോദസഞ്ചാരികൾക്കും യാത്രക്കാർക്കും താമസിക്കാനും പ്രാഥമിക ആവശ്യങ്ങൾക്കുമായാണ് അമിനിറ്റി സെന്റർ പ്രവർത്തനം തുടങ്ങിയത്. വിശാലമായ ഓപ്പൺ സ്റ്റേജ് സമ്പൂർണമായി കാടു മൂടിയ നിലയിലാണ്.

ഡിടിപിസിയുടെ കെട്ടിടത്തിൽ ഇപ്പോൾ അതിഥിത്തൊഴിലാളികളാണു താമസിക്കുന്നത്. പരിസരം വൃത്തിഹീനമാണെന്നും പരാതി ഉയർന്നു. ജില്ലാ ആശുപത്രിയുടെ നിർമാണത്തിനായി എത്തിയിരിക്കുന്ന അതിഥിത്തൊഴിലാളികൾക്കു താമസസൗകര്യം നെടുങ്കണ്ടത്തില്ല. സൗകര്യക്കുറവു കാരണം ഏതാനും തൊഴിലാളികൾ തിരികെ മടങ്ങി.

ഈ സാഹചര്യത്തിലാണു ഡിടിപിസിയുടെ കെട്ടിടത്തിൽ താമസസൗകര്യം നൽകിയതെന്നാണ് അധികൃതരുടെ വാദം. എന്നാൽ കരാറുകാരന്റെ ഉത്തരവാദിത്തമാണു തൊഴിലാളികളുടെ താമസസൗകര്യം ഒരുക്കി നൽകേണ്ടതെന്നു മറ്റൊരു വിഭാഗം പറയുന്നു. ഡിടിപിസിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം കുടുംബശ്രീക്കു ഹോട്ടൽ നടത്താനായി വാടകയ്ക്കു കൈമാറിയെന്നാണു ഡിടിപിസി പറയുന്നത്.

കഴിഞ്ഞ ഒരു വർഷത്തിലധികമായി വാടകയ്ക്കു നൽകിയിട്ടെന്നും ഡിടിപിസി സെക്രട്ടറി പറഞ്ഞു. ഇപ്പോൾ ഇവിടെ ഓപ്പൺ സ്റ്റേജിലാണ് ഇവിടെ താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ മുടിവെട്ടൽ. ഇരിപ്പിടം അടക്കമുള്ള സൗകര്യം ഇവിടെയുണ്ട്. പൊതുപരിപാടികൾ നടത്താനും ഇവിടെ സൗകര്യമേറെയാണ്.

ഈ ഭാഗം മുഴുവനും കാടു കയറിയ നിലയിലാണ്. കാടു നീക്കം ചെയ്ത് ഓപ്പൺ സ്റ്റേജും കെട്ടിടവും ഉപയോഗയോഗ്യമാക്കണമെന്നാണ് ആവശ്യം.