Mon. Dec 23rd, 2024
പനമരം:

മഴയും വെയിലും മാറിമാറി വരുന്നതു നെൽക്കൃഷിക്ക് കീടരോഗബാധ ഏറുന്നു. കനത്ത മഴയ്ക്ക് പിന്നാലെ നെല്ലിന് കീടരോഗബാധയും കുമിൾ രോഗങ്ങളും വ്യാപകമാകുന്നു. ആദ്യ മഴയിൽ പാകി പറിച്ചു നാട്ടിയ നെല്ലിനാണ് രോഗബാധ ഏറെയും.

നെല്ലിന് കുമിൾ, കീടരോഗബാധ വ്യാപകമാകുന്നതു കർഷകരുടെ പ്രതീക്ഷ തകർക്കുന്നു. മഴയ്ക്ക് ശേഷം പടർന്നു പിടിക്കുന്ന കുമിൾ കീട രോഗങ്ങൾ പല പാടശേഖരങ്ങളിലെയും നെൽക്കൃഷി പാടേ നശിപ്പിക്കുന്നു.കഴിഞ്ഞ കുറച്ച് വർഷമായി കീട രോഗങ്ങൾ ആക്രമിക്കുന്നത് ഏറെയും കാലവർഷത്തിലെ നഞ്ചക്കൃഷിയെ ആണ്.

അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നതാണ് കുമിൾ പോലുള്ള രോഗങ്ങൾ പടരാൻ കാരണം. ഇതിനു പുറമേ പുഴുക്കളുടെ ആക്രമണവും നെൽക്കൃഷിയെ കാര്യമായി ബാധിക്കുന്നുണ്ട്. ഓലചുരുട്ടി, തണ്ടുതുരപ്പൻ വന്യമൃഗശല്യം എന്നിവ മൂലം പല പാടശേഖങ്ങളിലും നെൽക്കൃഷി ഉപേക്ഷിക്കുന്നതിനിടെയാണു കീട രോഗങ്ങളും വർദ്ധിക്കുന്നത്.

നാട്ടി കഴിഞ്ഞ് ഒരു മാസത്തിനിടെയാണ് നെല്ല് ഓലയുടെ നീര് ഊറ്റി കുടിക്കുന്ന ഓലചുരുട്ടി പുഴുവിന്റെ ആക്രമണം പല പാടങ്ങളിലും വ്യാപകമായത്. ഓലചുരുട്ടി പുഴുക്കൾക്കു പുറമേ പുള്ളിക്കുത്ത്, പോളകരിച്ചിൽ, ഓല കരിച്ചിൽ തുടങ്ങിയ രോഗങ്ങളും ചെറിയ തോതിൽ നെൽക്കൃഷിയെ നശിപ്പിക്കുന്നതായി കർഷകർ പറയുന്നു.
കണിയാമ്പറ്റ പഞ്ചായത്തിലെ പൂന്തോട്ടം കുന്ന് പാടശേഖരത്തിലെ സുഭാഷിന്റെ വയൽ, പള്ളിയറ വയൽ എന്നിവിടങ്ങളിലൊക്കെ കീടബാധ ഏറുന്നുണ്ട്.

വളരെ പെട്ടെന്നാണ് ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് രോഗം വ്യാപിക്കുന്നത്. എന്നാൽ കീട ബാധയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കരുതൽ മതിയെന്നും കീടബാധ നിയന്ത്രണത്തിന് ഫലപ്രദമായ മരുന്നുകൾ വിപണിയിൽ ലഭ്യമാണെന്നും കൃഷി വകുപ്പധികൃതർ പറയുന്നു.