Tue. Apr 23rd, 2024
കോഴിക്കോട്:

കോഴിക്കോട് ചെറൂപ്പ ആരോഗ്യകേന്ദ്രത്തിൽ കൊവിഡ് വാക്സിൻ ഉപയോഗ്യ ശൂന്യമായ സംഭവത്തിൽ ജില്ല മെഡിക്കൽ ഓഫീസർ അന്വേഷണം തുടങ്ങി. വാക്സിൻ സൂക്ഷിച്ചതിലെ പിഴവ് മൂലം 830 ഡോസ് കൊവിഷീൽഡ് വാക്സിനാണ് ഉപയോഗ ശൂന്യമായത്.അന്വേഷണ റിപ്പോർട്ടിന് ശേഷം നടപടിയെന്ന് ഡിഎംഒ ഡോ ജയശ്രീ പറ‍ഞ്ഞു.

സംസ്ഥാനത്ത് വാക്സിൻ പ്രതിസന്ധിക്ക് പൂർണ പരിഹാരമാകാത്ത സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് കോഴിക്കോട്ടെ ഗുരുതര വീഴ്ച. ചെറൂപ്പ ആരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞദിവസം എത്തിച്ച കൊവിഷീൽഡ് വാക്സിൻ വയലുകൾ സൂക്ഷിക്കുന്നതിൽ ജീവനക്കാർ അശ്രദ്ധപുലർത്തിയെന്നാണ് വാക്സിനേഷന്റെ ജില്ല ചുമതലയുളള ഉദ്യോഗസ്ഥൻ നടത്തിയ അന്വേഷണത്തിലെ പ്രാഥമിക നിഗമനം. രണ്ട് മുതൽ എട്ട് ഡിഗ്രി വരെയുളള താപനിലയിൽ സൂക്ഷിക്കേണ്ട വാക്സിൻ കോൾഡ് ബോക്സിൽ വച്ചു. ഇതോടെ തണുത്ത് കട്ടപിടിച്ചു.

എട്ടുലക്ഷം രൂപയോളം വിലവരുന്ന വാക്സിനാണ് നശിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും കൂടുതൽ ശ്രദ്ധപുലർത്താൻ ജീവനക്കാർക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.