വളാഞ്ചേരി:
ദമ്പതികൾ കാൽനടയായി കശ്മീരിലേക്ക് യാത്ര തിരിച്ചു. എടയൂർ മാവണ്ടിയൂർ വളയങ്ങാട്ടിൽ അബ്ബാസ് (34), ഭാര്യ വി ഷഹാന (26) എന്നിവരാണ് ബുധനാഴ്ച കാൽനടയാത്ര തുടങ്ങിയത്. കോഴിക്കോട്, കാസർകോട്, മംഗലാപുരം, ബൽഗാം, കോലാപുർ, പുണെ, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ് വഴി കശ്മീരിൽ എത്തുകയാണ് ലക്ഷ്യം.
വ്യായാമത്തിൻറെ അഭാവവും തെറ്റായ ഭക്ഷണ രീതിയും കാരണം ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കുന്ന കാലത്തിൽ നടത്തത്തിെൻറ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ദമ്പതികൾ പറഞ്ഞു.മക്കളായ ആറ് വയസ്സുകാരനായ യാസീൻ നയ്ബിനെയും നാലു വയസ്സുകാരിയായ ഹന ഫാത്തിമയെയും വീട്ടുകാരെ ഏൽപിച്ചാണ് യാത്ര. ആദ്യ ദിവസം രാത്രി ചങ്കുവെട്ടിയിൽ തങ്ങുന്ന ഇവർ കേരളം വിടുന്നതു വരെ ദിവസം 40 കിലോമീറ്റർ നടക്കും.
പിന്നീട് 60 കി മീറ്റർ വരെ നടക്കാനാവുമെന്ന പ്രതീക്ഷയിലാണിവർ. തടസ്സങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ രണ്ടര മാസംകൊണ്ട് ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. താമസ സൗകര്യം ലഭിക്കാത്തിടങ്ങളിൽ ടെൻറടിക്കാനുള്ള തയാറെടുപ്പുമായാണ് യാത്ര.
വളാഞ്ചേരി ഇൻസ്പെക്ടർ എസ്എച്ച് ഒ എസ്അഷറഫ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം പി ഹസീന ഇബ്രാഹീം, വാർഡ് അംഗം ജാഫർ പുതുക്കുടി, കെ മുസ്തഫ, നാസർ, സലാം മേലേതിൽ എന്നിവർ സംബന്ധിച്ചു.