Sun. Jan 19th, 2025
ഇടുക്കി:

ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലേക്ക്‌, പ്രത്യേകിച്ച്‌ ഹൈറേഞ്ചിലേക്ക്‌ ഇതര സംസ്ഥാന തൊഴിലാളികളുടെ വൻ ഒഴുക്ക്‌. കുട്ടികളടക്കം നിരവധി പേരാണ്‌ കോവിഡ്‌ രൂക്ഷമായ സമയത്ത്‌ ഒരു മാനദണ്ഡങ്ങളുമില്ലാതെ എത്തുന്നത്‌. പണം ഈടാക്കി ഏജന്റുമാരാണ്‌ ഇവരെ എത്തിക്കുന്നത്‌.

ഓണാവധിക്കുശേഷം ജാർഖണ്ഡ്‌, അസം, ബീഹാർ, ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽനിന്ന്‌ എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്‌. പ്രധാനമായും ഏലത്തോട്ടങ്ങളിലേക്കും നിർമാണമേഖലയിലെ ജോലികൾക്കുമാണ്‌ ഏജന്റുമാർ എത്തിക്കുന്നത്‌.

തദ്ദേശ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായതോടെയാണ്‌ തോട്ടങ്ങളിലെ ജോലികൾക്ക്‌ ഇവർ അനിവാര്യമായി വന്നത്‌. ആര്‌, എവിടെ നിന്നെത്തുന്നു എന്ന വിവരമോ കണക്കോ പൊതുവെ എവിടെയുമില്ല. എന്നാൽ, ചില തോട്ടം ഉടമകൾ രേഖകൾ സൂക്ഷിക്കാറുണ്ട്‌. കൃത്യസമയത്ത്‌ തൊഴിലാളികൾക്ക്‌ വാക്‌സിൻ എടുപ്പിക്കാനും സൗകര്യം ചെയ്യുന്നുണ്ട്‌.

നിശ്ചിത കാലയളവിൽ തോട്ടങ്ങളിൽ പണിയെടുത്ത ശേഷം അവധിക്കായി സ്വന്തം നാടുകളിൽപോയി കൃത്യമായി മടങ്ങിവന്ന്‌ ജോലിയിൽ ഏർപ്പെടുന്നവരുമുണ്ട്‌. ഇത്തരക്കാരുടെ വിവരങ്ങൾ തോട്ടം ഉടമകൾ സൂക്ഷിക്കാറുണ്ട്‌. അവധിദിനങ്ങളിൽ പണിയിടങ്ങളിൽനിന്ന്‌ കൂട്ടത്തോടെ എത്തി ടൗണുകളിൽ തമ്പടിക്കാറുണ്ട്‌.

മദ്യപിച്ചശേഷം ചിലർ അടിപിടിയും അസഭ്യവർഷവും നടത്തുന്നു. രാജാക്കാട്‌ പഴയവിടുതിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുതന്നെ അടിച്ചുകൊന്ന്‌ കുഴിച്ചിട്ട സംഭവം ഒരു മാസത്തിന്‌ മുമ്പുണ്ടായി.
സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവരാണ്‌ അതിഥിത്തൊഴിലാളികളായി എത്തുന്നത്‌.

കോവിഡിന്റെ ആദ്യഘട്ടം വന്നുപോയവരും പുതുതായും തൊഴിലാളികൾ എത്തുന്നുണ്ട്‌. ബസ്‌ സ്റ്റാൻഡുകളിലാണ്‌ ഇവർ ആദ്യം തമ്പടിക്കുന്നത്‌. തൊഴിലിനായി അലയുന്ന കാഴ്‌ചയും ധാരാളം. രാജകുമാരി, രാജാക്കാട്‌, പാറത്തോട്‌, നെടുങ്കണ്ടം, കട്ടപ്പന, അണക്കര, കുമളി, കടശിക്കടവ്‌ എന്നിവിടങ്ങളിലേക്കാണ്‌ രണ്ടാംഘട്ടമായി കൂടുതൽ പേരെത്തുന്നത്‌.

പലതൊഴിലാളികളും കുട്ടികളും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും പരാതിയുണ്ട്‌. കോവിഡ്‌ പരിശോധനകളില്ലാതെയാണ്‌ പലരും എത്തുന്നത്‌. ചിലർ മാസ്‌ക്‌ ഫലപ്രദമായി ഉപയോഗിക്കാറില്ല.

ആരുടെയും പക്കൽ സാനിറ്റൈസറും കാണാനില്ല. സ്വകാര്യ ബസുകളിൽ ഇടിച്ചാണ്‌ കയറ്റം. രോഗം പടരുന്ന സാഹചര്യത്തിൽ തോട്ടം ഉടമകളും ആരോഗ്യപ്രവർത്തകരും പൊലീസും ശ്രദ്ധിക്കണമെന്ന ആവശ്യം പല കോണിൽനിന്നും ഉയരുന്നുണ്ട്‌.