Sat. Apr 20th, 2024
അയ്യപ്പൻകോവിൽ:

ഇടുക്കി ജലസംഭരണിക്കു കുറുകെ അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അയ്യപ്പൻകോവിൽ തൂക്കുപാലത്തിൻ്റെ നവീകരണം നീണ്ടുപോകുകയാണ്. അറ്റകുറ്റപ്പണി നടത്താത്തതിനാൽ പാലത്തിന്റെ പലഭാഗവും തുരുമ്പെടുക്കുകയും നട്ടും ബോൾട്ടും ഇളകുകയും ചെയ്തിട്ടുണ്ട്.

ഒരേസമയം നാൽപതിലധികം ആളുകൾ കയറരുതെന്ന മുന്നറിയിപ്പ് പലരും വകവയ്ക്കുന്നില്ല. പൊതുഅവധി ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും നൂറോളം പേരാണ് ഒരേസമയം പാലത്തിൽ കയറുന്നത്. പാലം കുലുക്കരുതെന്ന മുന്നറിയിപ്പും അവഗണിക്കപ്പെടുന്നു. ഇരുചക്ര വാഹനങ്ങളിൽ പാലത്തിലൂടെ സഞ്ചരിക്കുന്നതും പതിവാണ്.

പാലം നവീകരണത്തിന് 2019ൽ ഒരു ഏജൻസിയെ ചുമതലപ്പെടുത്തുകയും രൂപരേഖ തയാറാക്കുകയും ചെയ്തിരുന്നെങ്കിലും ഫണ്ട് ലഭ്യമാകാത്തതിനാൽ തുടർനടപടി ഉണ്ടായില്ല. ഈ വർഷം, കൊച്ചി കേന്ദ്രമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡ് (കെഇഎൽ) അധികൃതർ സ്ഥലം സന്ദർശിക്കുകയും രൂപരേഖ തയാറാക്കുകയും ചെയ്തു.

ഇളകിക്കിടക്കുന്ന നട്ടുകളും ബോൾട്ടുകളും ഉറപ്പിക്കാനും ആവശ്യമായ വസ്തുക്കൾ മാറ്റി സ്ഥാപിക്കാനും പെയിന്റിങ് ജോലികൾ പൂർത്തിയാക്കാനുമാണു രൂപരേഖ. 13 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. കഴിഞ്ഞ ദിവസം ജില്ലാ വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ സ്ഥലം സന്ദർശിക്കുകയും തൂക്കുപാലം നവീകരണത്തിനു നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തതു പ്രതീക്ഷയേകുന്നു.