Wed. Jan 22nd, 2025

മേപ്പയൂർ:

പൊലീസ് വർഷങ്ങൾക്കു മുൻപ് പിടിച്ചിട്ട മണൽ ലോറികൾ, ബൈക്കുകൾ, ഓട്ടോറിക്ഷകൾ എന്നിവ പൊലീസ് സ്‌റ്റേഷനു മുന്നിൽ പയ്യോളി – പേരാമ്പ്ര റോഡിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയായി കിടക്കുന്നു. 34 വർഷം മുൻപ് സ്ഥാപിച്ച മേപ്പയൂർ പൊലീസ് സ്റ്റേഷൻ ഇപ്പോഴും വാടക കെട്ടിടത്തിലാണ്. തൊണ്ടി മുതൽ സൂക്ഷിക്കാൻ സ്ഥലമില്ല.

വർഷങ്ങളായി വിവിധ കേസുകളിൽ കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത് സ്റ്റേഷന് എതിർവശത്തുള്ള തപാൽ ഓഫിസിന് മുന്നിൽ റോഡിന് സമീപം. ഈ വാഹനങ്ങൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തുന്നു. പൊതുഗതാഗതത്തിന് മാർഗ തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾ നീക്കണമെന്ന മന്ത്രിയുടെ ഉത്തരവ് ഉണ്ടായിട്ടും മാറ്റിയിടാൻ സ്ഥലമില്ലാത്തതിനാൽ നടപടിയെടുത്തില്ല.

പഞ്ചായത്തിന്റെ അധീനതയിലുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് ഈ വാഹനങ്ങൾ മാറ്റി റോഡിലെ അപകട ഭീഷണി ഇല്ലാതാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.